റീടാർ ചെയ്യണമെന്ന് ആവശ്യം
മുടപുരം: വർഷങ്ങളായി തകർന്നുകിടക്കുന്ന നവധാര - അസംബ്ലിമുക്ക് റോഡ് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. മുദാക്കൽ,മംഗലപുരം പഞ്ചായത്തുകളുടെ അതിർത്തി റോഡാണിത്.ഇരു പഞ്ചായത്തുകളും റോഡിനെ അവഗണിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ചെമ്പകമംഗലം - ഊരുപൊയ്ക റോഡിലെ അസംബ്ളിമുക്കിന് സമീപത്തുനിന്ന് ആരംഭിച്ച് നാഷണൽ ഹൈവേയിലെ നവധാര ജംഗ്ഷനിൽ ചെന്നുചേരുന്ന റോഡാണിത്. അൻപതോളം കുടുംബങ്ങൾ യാത്രയ്ക്കായി ആശ്രയിക്കുന്ന ഈ റോഡ് 8 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചിരുന്നു. എന്നാൽ പിന്നീട് ടാറും മെറ്റലുമിളകി റോഡ് സഞ്ചാരയോഗ്യമല്ലാതായി. അസംബ്ളിമുക്കിൽ നിന്ന് തുടങ്ങുന്ന റോഡിലെ ടാറും മെറ്റലും പൂർണമായും ഇളകിക്കഴിഞ്ഞു. മഴ പെയ്താൽ റോഡ് കുളമാകുന്ന സ്ഥിതിയാണ്. കാൽനട യാത്രയ്ക്കോ ഇരുചക്ര വാഹനത്തിനോ കടന്നുപോകാനാവാത്ത അവസ്ഥയായിട്ടുണ്ട്.
8 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡാണ് ടാറും മെറ്റലുമിളകി തകർന്നുകിടക്കുന്നത്
സ്കൂൾ ബസുകൾക്കും
ഈ റോഡ് വേണ്ട
കോരാണി ഭാഗത്തുനിന്ന് വരുന്നവർക്ക് ഊരുപൊയ്ക,വാളക്കാട് പ്രദേശങ്ങളിലേക്ക് ഈ റോഡിലൂടെ എളുപ്പത്തിൽ എത്തിച്ചേരാം. മാത്രമല്ല കിംസ് നഴ്‌സിംഗ് കോളേജിൽ പോകുന്നതിനുള്ള എളുപ്പ മാർഗമാണിത്. റോഡ് തകർന്നതോടെ കോളേജ് -സ്കൂൾ ബസുകളും ഈ റോഡുവഴി യാത്ര ചെയ്യാൻ മടിക്കുന്നു.ഇത് പ്രദേശത്തെ വിദ്യാർത്ഥികളെ ഉൾപ്പെടെ ബുദ്ധിമുട്ടിലാക്കുന്നു.അതിനാൽ റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |