കണ്ണൂർ: പ്രകൃതി ദുരന്തങ്ങളിലും അപകടസാഹചര്യങ്ങളിലും രക്ഷാപ്രവർത്തനിറങ്ങുന്ന ജില്ലയിലെ ആദ്യത്തെ ജെൻഡർ ബ്രിഗേഡ് ഗ്രൂപ്പ് അഴീക്കോട് ഗ്രാമപഞ്ചായത്തിൽ. പരിശീലനം ലഭിച്ച കുടുംബശ്രീ വനിതകളുടെ പങ്കാളിത്തത്തിൽ
കുടുംബശ്രീ ജില്ലാ മിഷൻ,അഴീക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി.എസ്,ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്ത പദ്ധതിയാണിത്.
ദുരന്തനിവാരണത്തിലും രക്ഷാപ്രവർത്തനങ്ങളിലും വനിതകളുടെ പ്രത്യേക കഴിവുകളും സംവേദനക്ഷമതയും പ്രയോജനപ്പെടുത്തുന്ന ഈ സംരംഭം വനിതാ ശാക്തീകരണത്തിന് പുതിയ മാനം നൽകുന്നുവെന്ന് സംഘാടകർ പറയുന്നു.പ്രാദേശിക തലത്തിൽ പരിശീലനം ലഭിച്ച രക്ഷാപ്രവർത്തക സംഘം ഉണ്ടാകുന്നതിലൂടെ ദുരന്ത സാഹചര്യങ്ങളിൽ കമ്മ്യൂണിറ്റിയുടെ പ്രതിരോധശേഷി ഗണ്യമായി വർദ്ധിക്കും.ഈ പൈലറ്റ് പ്രൊജക്ടിന്റെ വിജയത്തെ അടിസ്ഥാനമാക്കി ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും സമാന ജെൻഡർ ബ്രിഗേഡുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിവരികയാണ്. ജില്ലാതലത്തിലും വനിതാകേന്ദ്രീകൃതമായ ദുരന്തനിവാരണ ശൃംഖല രൂപീകരിക്കാൻ ഇത് സഹായകമാകും.
അഴീക്കോട് ചടയൻ സ്മാരകത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് ജെൻഡർ ബ്രിഗേഡ് ഗ്രൂപ്പിന്റെ പ്രവർത്തനം വിശദീകരിച്ചു. ദുരന്ത സാഹചര്യങ്ങളിൽ ആർട്ട് തെറാപ്പിയിലൂടെ മാനസിക സാമൂഹിക പരിചരണംഎന്ന വിഷയത്തിൽ സൈക്കോളജിസ്റ്റുമാരായ നീതു മഹേഷും ജിതയും പ്രത്യേക ക്ലാസ് നടത്തി.
പ്രധാന ദൗത്യങ്ങൾ
അടിയന്തര രക്ഷാപ്രവർത്തനം
പ്രാഥമിക വൈദ്യസഹായം
ദുരന്തബാധിതർക്ക് മാനസികപിന്തുണയും കൗൺസലിംഗും
അഭയകേന്ദ്രങ്ങളിലേക്ക് മാറ്റൽ
ദുരിതാശ്വാസ ക്യാമ്പുകളിലെ ശുചീകരണം
ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും എത്തിച്ചുനൽകൽ
മറ്റ് പഞ്ചായത്തുകൾക്കൊരു നല്ല പാഠം
നിലവിൽ അഴീക്കോട് സി.ഡി.എസ് അംഗങ്ങൾ ആണ് ഗ്രൂപ്പിലെ പ്രാഥമിക അംഗങ്ങൾ.ഭാവിയിൽ താൽപര്യമുള്ള അയൽക്കൂട്ടം അംഗങ്ങൾക്കും ഓക്സിലറി അംഗങ്ങൾക്കും ഈ സംരംഭത്തിൽ പങ്കാളികളാകാനുള്ള അവസരം ലഭിക്കും. പഞ്ചായത്ത് തലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ബ്രിഗേഡിന് വിവിധ അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശികതലത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിയും.മറ്റ് പഞ്ചായത്തുകൾക്കും സമാനസംരംഭങ്ങൾ ആരംഭിക്കാൻ ഇത് പ്രചോദനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |