ചേർത്തല : റിട്ട.പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മയുടെ (ഐഷ) തിരോധാനത്തെപ്പറ്റി സമഗ്ര അന്വേഷണത്തിന് പൊലീസ്. ഇതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൽ ചേർത്തല സി.ഐ ജി.അരുണിന്റെ നേതൃത്വത്തിൽ ഒമ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു. പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജെയ്നമ്മ,ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭൻ എന്നിവർ കൊല്ലപ്പെട്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതു പോലെ ഐഷയും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ജെയ്നമ്മ കേസിൽ കൊലക്കുറ്റത്തിനു കേസെടുത്ത് വസ്തു ഇടനിലക്കാരൻ പള്ളിപ്പുറം ചൊങ്ങംതറ കെ.എ.സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ് ഇപ്പോൾ. ബിന്ദുപത്മനാഭൻ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാൻ നടപടികളായി. ഐഷകേസിലും സെബാസ്റ്റ്യന്റെ ബന്ധത്തിനു സൂചനകൾ ലഭിച്ചതായാണ് പ്രാഥമിക വിവരം.
പഞ്ചായത്തിൽ നിന്നും വിരമിച്ച ഐഷ 2012 മെയ് വരെമാത്രമാണ് പെൻഷൻ വാങ്ങിയിരുന്നത്. മെയ് 13നാണ് ഇവരെ കാണാതായത്. ആ മാസം തന്നെ ഇവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇവരുടെ പെൻഷൻ 2016 വരെ ട്രഷറിയിലെ അക്കൗണ്ടിലേക്കെത്തിയിരുന്നു. ഇത് ആരും കൈപ്പറ്റിയിട്ടില്ല. ഇവർക്കുണ്ടായിരുന്ന വായ്പയിലേക്ക് ട്രഷറി അക്കൗണ്ടിൽ നിന്നും പണം പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ജെയ്നമ്മ,ബിന്ദുപത്മനാഭൻ കേസുകൾ ക്രൈംബ്രാഞ്ച് വിഭാഗങ്ങളാണ് അന്വേഷിക്കുന്നത്. പൊലീസിനു ഇടപെടൽ സാദ്ധ്യത നിലവിൽ ഐഷ കേസിൽ മാത്രമാണ്.ഇതോടെയാണ് സംശയ നിഴലിലുള്ള സെബാസ്റ്റ്യന്റെ ഇടപെടലുകൾ എല്ലാം പരിശോധിക്കുന്നത്.
ഇയാളുടെയും ഇയാളുമായി ബന്ധപെട്ടവരുടെയും സ്ഥലമിടപാടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.അമ്പലപ്പുഴയിൽ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന 15 സെന്റ് സ്ഥലം പള്ളിപ്പുറം വടക്കുംകര സ്വദേശി വ്യാജ മാർഗത്തിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൈക്കലാക്കിയ സംഭവം ഉൾപ്പെടെ പരിശോധിക്കും. രജിസ്‌ട്രേഷൻ വകുപ്പുകൾ വഴി വലിയ തട്ടിപ്പുകൾ പലതും അരങ്ങേറിയിട്ടുള്ളതായും വകുപ്പിലെ പല ഉദ്യോഗസ്ഥരും കൂട്ടുനിന്നതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.നഗരത്തിലെ ഒരു ആധാരമെഴുത്തുകാരനും പൊലീസ് നിരീക്ഷണത്തിലാണ്. സെബാസ്റ്റ്യൻ ഇടനിലയായി നടത്തിയിട്ടുള്ള സ്ഥലമിടപാടുകളിൽ വമ്പൻ തിരിമറികളും നികുതിവെട്ടിപ്പുകളും നടന്നിരുന്നു.2002 മുതൽ നടത്തിയിട്ടുള്ള ഇടപാടുകൾ പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |