വിതുര: വിനോദസഞ്ചാര കേന്ദ്രമായ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. പൊൻമുടി വനമേഖലയിൽ പെയ്ത കനത്തമഴയെ തുടർന്ന് പൊൻമുടിക്കൊപ്പം ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാസം മീൻമുട്ടിയും അടച്ചിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ പൊൻമുടി തുറന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും മീൻമുട്ടി മാത്രം തുറന്നില്ല. മീൻമുട്ടി വെള്ളച്ചാട്ടം തുറക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഡി.എഫ്.ഒ പ്രശ്നത്തിലിടപെട്ട് മീൻമുട്ടി തുറന്നെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അടച്ചു. മീൻമുട്ടി അടഞ്ഞുകിടക്കുവാൻ തുടങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. മീൻമുട്ടി സന്ദർശനത്തിനായി പാസ് ചോദിച്ച് ധാരാളം ടൂറിസ്റ്റുകൾ കല്ലാർ വനസംരക്ഷണ സമിതിയുടെ ചെക്ക് പോസ്റ്റിലെത്തുന്നുണ്ട്. പൊൻമുടി, ബോണക്കാട് വനമേഖലയിൽ ശക്തമായ മഴപെയ്തതോടെ നദിയിലെ നീരൊഴുക്ക് ഗണ്യമായി ഉയർന്ന് കല്ലാറിലേക്ക് മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.
മീൻമുട്ടിയിലെ പുതിയ
നടപ്പാലം നടപ്പായില്ല
പ്രതികൂലകാലാവസ്ഥയും, മലവെള്ളപ്പാച്ചിലും മുൻനിറുത്തിയാണ് മീൻമുട്ടി അടച്ചത്. നേരത്തേ മഴ പെയ്തപ്പോൾ നദിയിലെ ജലനിരപ്പ് ഉയർന്ന് സഞ്ചാരികൾ മീൻമുട്ടിയിൽ കുടുങ്ങിയ സംഭവവുമുണ്ടായിട്ടുണ്ട്.മലവെള്ളപ്പാച്ചിലിൽ മീൻമുട്ടിയിലേക്കുള്ള നടപ്പാലം തകർന്നിരുന്നു. പുതിയ നടപ്പാലം നിർമ്മിക്കുമെന്ന് വനപാലകർ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
പൊൻമുടിയിൽ തിരക്ക്
പ്രതികൂല കാലാവസ്ഥയാണെങ്കിലും പൊൻമുടിയിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മഞ്ഞ് വീഴ്ച വ്യാപിച്ചതോടെയാണ് സഞ്ചാരികളുടെ എണ്ണം കൂടിയത്.പൊൻമുടിയിൽ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. മീൻമുട്ടി തുറക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഡി.എഫ്.ഒ ബന്ധപ്പെട്ടത്. ഓണക്കാലമാകുന്നതോടെ പൊൻമുടിക്കൊപ്പം മീൻമുട്ടിയിലും സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കും
സഞ്ചാരികൾ ജാഗ്രതപാലിക്കണം
പൊൻമുടി ബോണക്കാട് വനാന്തരങ്ങളിൽ ഇപ്പോഴും മഴപെയ്യുന്നുണ്ട്.കല്ലാറിലേക്ക് മലവെള്ളപ്പാച്ചിലിന് സാദ്ധ്യത നിലനിൽക്കുന്നുണ്ട്. മാത്രമല്ല വഴിമദ്ധ്യേ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |