കണ്ണൂർ: റെയിൽ പാളത്തിൽ കരിങ്കൽ ചീളുകൾ വച്ച് സ്കൂൾ വിദ്യാർത്ഥികൾ. പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികളായ അഞ്ചുപേരെ സംഭവത്തിൽ ആർ.പി.എഫ് പിടികൂടി. കേസെടുത്ത ആർ.പി.എഫ് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിദ്യാർത്ഥികളെ വിട്ടയച്ചു.
കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ പന്നേൻപാറക്കടുത്തായി ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് ട്രാക്കിൽ കരിങ്കൽ ചീളുകൾ സ്ഥാപിക്കുന്നത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. ട്രെയിൻ ഇതിന് മുകളിലൂടെ കടന്നുപോവുകയും ചെയ്തു. തുടർന്ന് ആർ.പി.എഫിനെ വിവരമറിയിച്ചു. ആർ.പി.എഫ് സംഭവ സ്ഥലത്തെത്തിയപ്പോൾ പാളത്തിന്റെ പരിസരത്തായി വിദ്യാർത്ഥികളുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥികൾ കുറ്റസമ്മതം നടത്തി.
ട്രാക്കിൽ കല്ലുകൾ വച്ച് മാറി നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ കടന്നുപോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള അകാംഷയെ തുടർന്ന് ചെയ്തതാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു.
കഴിഞ്ഞ ജൂലായ് 12 നും സമാന രീതിയിൽ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിൽ റെയിൽപാളത്തിൽ കല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കിൽ ചെറുകല്ലുകൾ നിരത്തിവച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പാളത്തിൽ സിമന്റ് കട്ട വച്ച സംഭവവും ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ജില്ലയിൽ ഉണ്ടായിരുന്നതിനാൽ അന്ന് കനത്ത സുരക്ഷ എല്ലായിടത്തും ഒരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |