നേമം: കോടികളുടെ ക്രമക്കേട് കണ്ടെത്തിയ നേമം സഹകരണ ബാങ്കിൽ ലോൺ നൽകിയതിൽ
34.26 കോടി രൂപ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കിൽ ഈടുള്ളൂവെന്ന് കണ്ടെത്തൽ.
ബാക്കി 17 കോടിയിലധികം രൂപയ്ക്ക് മതിയായ രേഖകളോ ഈടോ വാങ്ങാതെ വായ്പ അനുവദിച്ചതായി വകുപ്പുതല അന്തിമ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആകെ 96 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് കണ്ടെത്തിയത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽ സർക്കാർ അനുവദിച്ച തുകയും വിതരണം ചെയ്‌ത തുകയും തമ്മിൽ പൊരുത്തക്കേടുണ്ട്.
ബാങ്കിന്റെ നിയമാവലിക്ക് വിരുദ്ധമായി പ്രവർത്തനപരിധിക്ക് പുറത്ത് ഇഷ്ടപെട്ടവർക്കും ബിനാമി പേരുകളിലും വായ്പ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. നിലങ്ങളും ചതുപ്പുമായ വസ്തുക്കൾക്ക് മാർക്കറ്റ് വിലയേക്കാൾ പത്തിരട്ടിയോളം ഭീമമായ തുക വായ്പ നൽകി.
ഇഷ്ടക്കാർക്ക് നിയമനം
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അനുമതിയില്ലാതെ പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും താത്കാലിക നിയമനം നൽകിയതിലൂടെ ഭീമമായ തുക നഷ്ടമുണ്ടായി.
വായ്പ അടയ്ക്കാത്തവർക്ക് ഈട് തിരികെ
25 ലക്ഷം രൂപ വായ്‌പയെടുത്ത ശേഷം ഒരു രൂപ പോലും തിരിച്ചടയ്‌ക്കാത്ത ചിലർക്ക് ഈടായി വച്ച പ്രമാണം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ബാദ്ധ്യതവരെ ഒഴിവാക്കിക്കൊടുക്കാൻ സെക്രട്ടറി വ്യാജ രേഖകൾ തയ്യാറാക്കി നൽകിയെന്ന് പരാമർശമുണ്ട്.
മുൻ സെക്രട്ടറിമാരായ ബാലചന്ദ്രൻ നായർ 20.75 കോടി,എ.ആർ. രാജേന്ദ്രൻ 31.63 കോടി,എസ്.എസ് സന്ധ്യ 10.40കോടി എന്നിങ്ങനെ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പണം എപ്പോൾ
ലഭിക്കുമെന്ന് ഉറപ്പില്ല
സഹകരണ ബാങ്ക് പാപ്പനംകോട് യൂണിറ്റ് ഇൻസ്‌പെക്ടർ എസ്. സുജിയെ,നേമം സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റായി സർക്കാർ നിയമിച്ചെങ്കിലും നിക്ഷേപകർക്കു പണം എപ്പോൾ തിരികെ നൽകുമെന്ന ചോദ്യത്തിന് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഭരണസമിതി അംഗങ്ങളുടെ വസ്തുക്കൾ നിയമപരമായി കണ്ടുകെട്ടി നിക്ഷേപകർക്ക് നിക്ഷേപം തിരികെ ലഭിക്കാൻ നടപടിയെടുക്കണമെന്ന് നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |