കൊച്ചി: ആയിരക്കണക്കിന് രോഗികൾക്ക് നടക്കാൻ തുണയായി ജോസിയും ബെന്നിയും നിർമ്മിക്കുന്ന പാദരക്ഷകൾ. ശസ്ത്രക്രിയയും മറ്റ് ചികിത്സകളും മൂലം കാലുകൾക്ക് നീള വ്യത്യാസമുണ്ടാകുന്നവർക്കും പാദരോഗങ്ങൾ ഉള്ളവർക്കും അനുയോജ്യമായ ചെരിപ്പുകൾ നിർമ്മിച്ചുനൽകുകയാണ് ഈ സഹോദരങ്ങൾ. ഡോക്ടർമാരും സർജിക്കൽ ഉപകരണങ്ങളുടെ വിതരണക്കാരും വഴിയാണ് രോഗികൾക്ക് ആവശ്യമായ ചെരിപ്പുകൾ പ്രത്യേകമായി നിർമ്മിച്ചു നൽകുന്നത്.
ചെരിപ്പ് നിർമ്മാണ തൊഴിലാളിയായിരുന്നു ജോസിയുടെയും ബെന്നിയുടെയും സഹോദരീ ഭർത്താവ്. എട്ടാം ക്ലാസ് മുതൽ ജോസി അളിയന്റെ വൈറ്റിലയിലെ ചെരിപ്പ് നിർമ്മാണ യൂണിറ്റിൽ സഹായിയായി. പത്തിലെ തോൽവിയോടെ സ്ഥിരം ജീവനക്കാരനുമായി.
അഞ്ചാം വർഷം റിജോയ്സ് എന്ന പേരിൽ ജോസി സ്വന്തമായി യൂണിറ്റ് തുടങ്ങി. ബെന്നിയും ഒപ്പം കൂടി. പിന്നാലെ ഒന്നിലധികം യൂണിറ്റുകൾ തുറന്നു.
ജീവിതം പച്ചപിടിച്ചു തുടങ്ങിയപ്പോഴേക്കും ഉത്തരേന്ത്യക്കാരുടെ ചെരിപ്പ് നിർമ്മാണ യൂണിറ്റുകൾ കൊച്ചിയിൽ കൂണുപോലെ മുളച്ചു. കുറഞ്ഞ വിലയിൽ അവർ ചെരിപ്പുകൾ ഇറക്കിയപ്പോൾ റിജോയ്സ് പ്രതിസന്ധിയിലായി. യൂണിറ്റുകൾ പൂട്ടി. ജീവനക്കാരെ പിരിച്ചുവിട്ടു.
അപ്പോഴാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം രോഗികൾക്ക് പാദരക്ഷ നൽകുന്നതിൽ പുതിയൊരു സാദ്ധ്യത ജോസി കണ്ടെത്തിയത്. ആറ് വർഷമായി ഇതാണ് ജോലി. ജീവിതം വീണ്ടും തളിർത്തു. ഇരുവരും വലിയ വീടുകൾ വച്ചു. മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കി.
സിമിയാണ് ജോസിയുടെ ഭാര്യ. മക്കൾ: നെവിൻ, നോയൽ. അദ്ധ്യാപികയായ റീനയാണ് ബെന്നിയുടെ ഭാര്യ. റെനോൺ, അനോൺ എന്നിവരാണ് മക്കൾ.
1000 -2500 രൂപ
മൈക്രോ സെല്ലുലാർ റബ്ബർ (എം.സി.ആർ), മൈക്രോ സെല്ലുലാർ പോളിമർ (എം.സി.പി) എന്നിവ കൊണ്ടാണ് ചെരിപ്പ് നിർമ്മാണം. വീടുകളിൽ നേരിട്ടെത്തി അളവെടുത്തും ചെരിപ്പുണ്ടാക്കും. അളവ് കൈമാറുന്നവർക്ക് ചെരിപ്പ് കൊറിയറായി എത്തിക്കും. 1000 മുതൽ 2500 രൂപ വരെയാണ് നിരക്ക്.
ദിവസം ഒന്നു വീതം
ഒരാൾക്കുള്ള ചെരിപ്പ് നിർമ്മിക്കാൻ ഒരു ദിവസമെടുക്കും. പാദങ്ങൾ ചെറുതായവർ, മന്ത് രോഗികൾ, പാദത്തിന് പരിക്കേറ്റവർ എന്നിവർക്കെല്ലാം ചെരിപ്പുകൾ ചെയ്തുകൊടുക്കും.
40 വർഷമായി പാലാരിവട്ടത്തെ വീട്ടിൽ യന്ത്രസഹായമില്ലാതെയാണ് ചെരിപ്പ് നിർമ്മാണം. പ്രതിസന്ധികളിൽ പതറാതെ നിൽക്കാനായതും പുതിയ മേഖലയിലേക്ക് തിരിഞ്ഞതുമാണ് വിജയത്തിന് പിന്നിൽ
ജോസി ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |