നെടുമങ്ങാട്: അടുത്തും അകന്നും പ്രതീക്ഷയുടെ ഇരമ്പം തീർത്ത മലയോര റെയിൽപ്പാത പദ്ധതി ഒന്നേകാൽ നൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ ട്രാക്കിലേക്ക്. എരുമേലി -നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന വിധമാണ് നിർദിഷ്ട അങ്കമാലി-ശബരി പാതയുടെ പുതുക്കിയ റൂട്ട് നിശ്ചയിട്ടുള്ളത്. എരുമേലി മുതൽ ബാലരാമപുരം വരെ 160 കി.മീറ്ററാണ് പുതിയ റെയിൽപ്പാത.ബാലരാമപുരം,കാട്ടാക്കട,നെടുമങ്ങാട്,വെഞ്ഞാറമൂട്, കിളിമാനൂർ,അഞ്ചൽ,പുനലൂർ,പത്തനാപുരം,കോന്നി,പത്തനംതിട്ട,പെരിനാട്,അത്തിക്കയം,എരുമേലി എന്നിവയാണ് പുതുക്കിയ റൂട്ടിലെ പ്രധാന സ്റ്റേഷനുകൾ. കുളത്തൂപ്പുഴ-പാലോട്-വിതുര പ്രദേശങ്ങൾ ലൈനിന്റെ പരിധിയിൽ വന്നിട്ടില്ലെന്നത് ന്യൂനതയാണ്.
1997-98 കാലയളവിലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് എരുമേലി-ശബരി പാത.മൊത്തം ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചതോടെയാണ് നടപടികൾക്ക് വേഗമേറിയത്.കിഫ്‌ബി മുഖേന പണം ലഭ്യമാക്കുമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
ആദ്യ സർവേ 1901ൽ
1901ൽ ചെങ്കോട്ട റെയിൽവേ ജംഗ്ഷൻ രൂപപ്പെടുന്നതിന് രണ്ടു വർഷം മുമ്പുതന്നെ നെടുമങ്ങാട് - തിരുവനന്തപുരം ലൈനിന്റെ സർവേ നടന്നിരുന്നതായി ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.തിരുവിതാംകൂർ സർക്കാർ ധനസഹായത്തിന് പ്രാപ്തരായ വ്യവസായികളുടെ പിന്തുണ തേടിയെങ്കിലും ലഭിച്ചില്ല. കൊല്ലത്തെ വ്യവസായികൾ സഹായഹസ്തം നൽകാൻ സന്നദ്ധരായി.അങ്ങനെയാണ്, 1904ൽ കൊല്ലം - ചെങ്കോട്ട ലൈൻ യാഥാർത്ഥ്യമായത്.
കൂട്ടായ ശ്രമത്തിൽ പുതിയ റൂട്ട്
പതിറ്റാണ്ടുകൾക്ക് മുമ്പ് പുനലൂർ- തെന്മല പാത നിർമ്മാണ ഘട്ടത്തിൽ കുളത്തൂപ്പുഴ-പാലോട് -നെടുമങ്ങാട് വഴി മലയോര പാത പരിഗണനയിലുണ്ടായിരുന്നു. നെടുമങ്ങാട് താലൂക്ക് റെയിൽവേ ഭൂപടത്തിൽ അന്യം നിൽക്കുന്നത് ആദ്യമായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് കേരളകൗമുദിയാണ്. നിരവധി സെമിനാറുകളും സംഘടിപ്പിച്ചു.2022ൽ മന്ത്രിമാരായ ജി.ആർ.അനിലും വി.ശിവൻകുട്ടിയും കേന്ദ്ര റെയിൽവേ സഹമന്ത്രിയേയും ബോർഡ് ചെയർമാനെയും സന്ദർശിച്ച് പാത നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ വിഹിതം സംബന്ധിച്ച് ഉറപ്പ് നൽകി.അടൂർ പ്രകാശ് എം.പിയും മുൻ എം.പി എ.സമ്പത്തും പലവട്ടം ലോക്സഭയിൽ ഇക്കാര്യമുന്നയിച്ചിട്ടുണ്ട്.കേന്ദ്രസഹ മന്ത്രിയായിരുന്ന വി.മുരളീധരൻ അടുത്തിടെ പ്രധാനമന്ത്രിക്ക് നിവേദനം നൽകി.
പി.എം ഗതിശക്തി
ഡയറക്ടറുടെ നിർദേശം
റെയിൽവേ കണക്റ്റിവിറ്റിയല്ലാത്ത അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെയും ജില്ലാ ആസ്ഥാനങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കാൻ പി.എം ഗതിശക്തി ഡയറക്ടർ 2022 നവംബറിൽ റെയിൽവേ സോണൽ ജനറൽ മാനേജർമാർക്ക് നൽകിയ സുപ്രധാന നിർദേശമാണ് വഴിത്തിരിവായത്. ഇതനുസരിച്ച് കെ.റെയിൽ പ്രാഥമിക പഠനം നടത്തി ഗതാഗത വകുപ്പുമായി സഹകരിച്ചാണ് പുതുക്കിയ റൂട്ട് തയ്യാറാക്കിയത്.ഈ നിർദേശത്തിനാണ് കേന്ദ്ര റെയിൽവേ ബോർഡ് പ്രാഥമികാംഗീകാരം നൽകിയിരിക്കുന്നത്.
ജനകീയ സെമിനാർ നാളെ
മലയോര റെയിപ്പാതയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളുടെ അഭിപ്രായം സ്വരൂപിക്കാൻ 26ന് രാവിലെ 10.30ന് നെടുമങ്ങാട് ഗസ്റ്റ് ഹൗസിൽ ജനകീയ സെമിനാർ സംഘടിപ്പിക്കുമെന്ന് സർവകക്ഷി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.എം.പിമാരായ അടൂർ പ്രകാശ്,എ.എ.റഹീം,എം.എൽ.എമാരായ വി.ജോയി,ഡി.കെ.മുരളി,ജി.സ്റ്റീഫൻ, ഐ.ബി.സതീഷ്,എം.വിൻസന്റ്, ബി.ജെ.പി നേതാവ് വി.വി.രാജേഷ് എന്നിവർ പങ്കെടുക്കും.ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ആർ.ജയദേവൻ, ഡോ.ഷിജൂഖാൻ,പി.എസ്.ഷെരീഫ്,എസ്.അരുൺകുമാർ,ടി.അർജുനൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |