കോഴിക്കോട്: അത്തം എത്തി, ഇനി പത്തോണം. ഇന്നുമുതൽ പത്ത് നാൾ മലയാളിയുടെ മുറ്റത്ത് സന്തോഷ പൂക്കളം ഒരുങ്ങും. ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ പൂവിപണിയായ പാളയം പൂക്കടകളാൽ സമൃദ്ധമായി. ഇന്നലെ വെെകീട്ടോടെ പല കടകളിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ പൂക്കളാൽ നിറഞ്ഞിരുന്നു. അത്തപ്പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങാൻ ആളുകൾ എത്തിയതോടെ നല്ല തിരക്കാണ് ഇന്നലെ വിപണിയിൽ അനുഭവപ്പെട്ടത്. നഗരത്തിലും ഗ്രാമപ്രദേശങ്ങളുലും എല്ലാം നിരവധി പൂക്കടകളാണ് പ്രത്യക്ഷപ്പെട്ടത്. ബംഗളൂരു, മൈസൂരു, ഗുണ്ടൽപേട്ട്, നാഗർഹോലെ, ഹൊസൂർ, സേലം, ഊട്ടി, കോയമ്പത്തൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് പൂക്കൾ എത്തുന്നത്. ചുവപ്പ്, മഞ്ഞ ചെട്ടികൾ തന്നെയാണ് ഇത്തവണയും താരം. കിലോയ്ക്ക് 100 മുതലാണ് വില. കഴിഞ്ഞ തവണത്തേതിനേക്കൾ വില അൽപ്പം ഉയർന്നിട്ടുണ്ട്. തിരുവോണമടുക്കുമ്പോഴേക്കും വില കുതിച്ചുയരും. ചെണ്ടുമല്ലി, അരളി, റോസുകൾ, വാടാമല്ലി എന്നിവയെല്ലാം എത്തിയിട്ടുണ്ട്.
ഡാലിയ, വെൽവെറ്റ് പൂക്കൾ എന്നിവയ്ക്ക് അൽപ്പം വില കൂടുതലുണ്ട്. എല്ലാ പൂക്കളും ചേർത്ത് 100 രൂപ മുതലുള്ള കിറ്റും ലഭ്യമാണ്. വാടാമല്ലിയും ചെണ്ടുമല്ലിയുമാണ് തമിഴ്നാട്ടിൽ നിന്ന് കൂടുതലെത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് വരുന്ന പൂക്കൾക്ക് വില താരതമ്യേന കുറവായതിനാൽ ആവശ്യക്കാരും ഏറെയാണ്. വീടുകളിലേക്കായി വാങ്ങുന്നവരും ചെറുകിട കച്ചവടക്കാരുമാണ് പൂക്കൾ വാങ്ങാനായി ഇപ്പോൾ എത്തുന്നത്. വരും ദിവസങ്ങളിൽ ഓണാഘോഷ പരിപാടികൾ കൊഴുക്കുന്നതോടെ പൂവിൽപ്പന കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വില (കിലോ)
അരളി............................400
മഞ്ഞ ചെട്ടി....................200
ഓറഞ്ച് ചെട്ടി................100
വെള്ള ജമന്തി..............400
വയലറ്റ് ജമന്തി.............350
ചുവന്ന റോസ്.............280
ഹാഷ്മോറോഡ്...........400
വാടാമല്ലി -......................300
മുല്ലപ്പൂവ്...........................40(ഒരു മുളം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |