SignIn
Kerala Kaumudi Online
Tuesday, 26 August 2025 1.35 PM IST

സ്കൂളിലെ കെമിസ്ട്രി പ്രേമം വഴിത്തിരിവായി, ശ്രീരാജ് 100 കോടിയുടെ  ബിസിനസ് അധിപതി

Increase Font Size Decrease Font Size Print Page
sreeraj
ഡോ. ശ്രീരാജ് ഗോപി

കൊച്ചി: കടുകുമണിയുടെ ലക്ഷം കോടിയിൽ ഒരംശം മാത്രമുള്ള തന്മാത്രകളിൽ നിന്ന് 100 കോടിയുടെ ബിസിനസുമായി മലയാളി ശാസ്ത്രജ്ഞൻ. തൃശൂർ അന്നനാട് സ്വദേശി ഡോ. ശ്രീരാജ് ഗോപിയാണ് (41) കൊരട്ടി ഇൻഫോ പാർക്കിലെ 'മോളിക്യൂൾസ് ബയോ ലാബ്‌സ് ലിമിറ്റഡ്" എന്ന സ്വന്തം സ്ഥാപനത്തെ ഈ നിലയിൽ വളർത്തിയത്.

മരുന്നുകളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാൻ സഹായിക്കുന്ന തൻമാത്രാഘടകങ്ങൾ പച്ചില വർഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നു. ഇത് പൊടിരൂപത്തിലാക്കി ആഗോളമരുന്നു കമ്പനികൾക്ക് നൽകുന്ന ദൗത്യമാണ് ശ്രീരാജ് നിർവഹിക്കുന്നത്.

അന്നനാട് യൂണിയൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കെമിസ്ട്രിയോട് തോന്നിയ അഭിനിവേശമാണ് ഇതിലേക്കെത്തിച്ചത്. ബിരുദവും ബിരുദാനന്തര പഠനവും കഴിഞ്ഞ് ചെന്നെത്തിയത് നാനോടെക്നോളജി ഗവേഷണത്തിൽ. ഓസ്ട്രേലിയയിൽ നിന്ന് ലൈപൊസോമൽ ടെക്നോളജിയിലും പോളണ്ടിൽ നിന്ന് നാനോ ടെക്നോളജിയിലും പി.എച്ച്.ഡി നേടി .

മികച്ച ഗവേഷകനെന്ന് സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി അംഗീകരിച്ച ശ്രീരാജ് പാശ്ചാത്യരാജ്യങ്ങളിൽ ചേക്കേറാതെ സ്വന്തം നാട്ടിൽ നിലയുറപ്പിച്ചു. റോയൽ സൊസൈറ്റി ഒഫ് കെമിസ്ട്രിയിലും അമേരിക്കൻ കോളേജ് ഒഫ് ന്യുട്രീഷ്യനിലും ഫെല്ലോയാണ്.

അപ്പോളോ ടയർ ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന കണക്കാപ്പറമ്പിൽ ഗോവിന്ദൻകുട്ടിയുടെയും പത്മജയുടെയും മകൻ ഇന്ന് ലോകമറിയുന്ന ശാസ്ത്രജ്ഞൻ മാത്രമല്ല, സംരംഭകൻകൂടിയാണ്. സ്ഥാപനത്തിൽ മലയാളികളായ 50 ശാസ്ത്രജ്ഞരടക്കം 86 ജീവനക്കാരുണ്ട്.

അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, കൊറിയ അടക്കം 35 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. എഴുത്തുകാരി കൂടിയായ ഡോ.അഖിലയാണ് ഭാര്യ. മക്കൾ: ശ്രീപത്മ, ശ്രീഹരി.

ലൈപൊസോമൽ വിദ്യ

മോളിക്യുലർ കെമിസ്ട്രിയിലെ ലൈപൊസോമൽ ടെക്‌നോളജിയിൽ ഡോ. ശ്രീരാജ് സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. 2022ൽ കമ്പനി തുടങ്ങുമ്പോൾ ഇതിന്റെ പേറ്റന്റ് മാത്രമായിരുന്നു കൈമുതൽ.

മഞ്ഞൾ അടക്കമുള്ള പച്ചിലവർഗങ്ങളിൽ നിന്ന് അതിന്റെ സത്തിലെ പ്രയോജനകരമായ തൻമാത്രകൾ വേർതിരിക്കും. തൻമാത്രകൾക്ക് ആവരണംകൊടുത്ത് പുറത്തെടുക്കുന്ന പൊടിയാണ് ഉത്പന്നം.

ഈ പൊടി മരുന്നുകളിൽ ലയിപ്പിക്കാനാവും.

മരുന്നിലെ രാസപദാർത്ഥങ്ങൾ ആഗീരണം ചെയ്യാൻ ഇത് ശരീരത്തെ സഹായിക്കും.

ക്യാൻസർ, ട്യൂമർ കോശങ്ങളിലടക്കം മരുന്ന് ഫലപ്രദമാകാൻ സഹായിക്കും. കൊവിഡ് വാക്സിനായ ഫൈസറിലും മൊഡേണയിലും ഈ സാങ്കേതിക വിദ്യ പ്രയോഗിച്ചു.

``കമ്പനിയുടെ കോർപ്പറേറ്റ് ഇന്നൊവേഷൻ സെന്റർ ഉടൻ തുറക്കും. കേരളത്തെ റിസർച്ച് ഹബ്ബാക്കുകയാണ് ലക്ഷ്യം.``

-ഡോ.ശ്രീരാജ്.

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.