തിരുവനന്തപുരം: എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലയ്ക്കും ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്കും ഗുണകരമായ ശബരി റെയിൽ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നു.
മൂന്ന് ജില്ലകളിലെയും കളക്ടർമാരോട് ഭൂമിയേറ്റെടുക്കലിന് പദ്ധതി റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറി നിർദ്ദേശിച്ചു.
റെയിൽവേയുമായി ആലോചിച്ചാവണം അന്തിമറിപ്പോർട്ട്. ഭൂമിയേറ്റെടുത്തു നൽകാൻ തയ്യാറാണെന്നും പകുതിചെലവ് വഹിക്കാമെന്നും അറിയിച്ച് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനിവൈഷ്‌ണവിന് സർക്കാർ കത്തയച്ചു. പദ്ധതിനടത്തിപ്പ് ചർച്ചചെയ്യാൻ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം 27ന് മന്ത്രി വി.അബ്ദുറഹിമാൻ വിളിച്ചു.
ഭൂമിയേറ്റെടുക്കാൻ തയ്യാറാണെന്നും പദ്ധതി മരവിപ്പിച്ച ഉത്തരവ് റെയിൽവേ പിൻവലിച്ചാൽ നടപടികൾ തുടങ്ങാമെന്നും കേന്ദ്രത്തെ അറിയിച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ 'കേരളകൗമുദി'യോട് പറഞ്ഞു. മരവിപ്പക്കൽ ഒഴിവാക്കിയാലേ സ്വകാര്യഭൂമിയേറ്റെടുക്കാനാവൂ. സർക്കാർ പണമുപയോഗിച്ച് മരവിപ്പിച്ച പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനാവില്ല,അതു കേസാവും. ഇക്കാര്യങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മറുപടി ലഭിച്ചാലുടൻ തുടർനടപടികളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുത്താലുടൻ പാതനിർമ്മാണം ആരംഭിക്കുമെന്ന് റെയിൽവേ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ വിവേക്‌കുമാർ ചീഫ്സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. 2019സെപ്തംബറിൽ പദ്ധതി മരവിപ്പിച്ച് ദക്ഷിണറെയിൽവേയിറക്കിയ ഉത്തരവാണ് പിൻവലിക്കേണ്ടത്. ഇത് ലഭിച്ചാലുടൻ ഭൂമിയേറ്റെടുക്കലിന് റവന്യൂഓഫീസുകൾ തുറക്കാമെന്ന് കളക്ടർമാരും അറിയിച്ചു. 111.48കിലോമീറ്റർ ശബരിപാതയ്ക്കായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416ഹെക്ടറോളം ഭൂമിയേറ്റെടുക്കണം. 1400കോടിയോളം കേരളം മുടക്കേണ്ടിവരും.
'' 50%ചെലവ് വഹിക്കാമെന്നും ഭൂമിയേറ്റെടുക്കാമെന്നുമുള്ള ഉറപ്പിൽ നിന്ന് സർക്കാർ പിന്മാറില്ല. പക്ഷേ നടപടികൾ റെയിൽവേ പൂർത്തിയാക്കണം''
-വി.അബ്ദുറഹിമാൻ, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |