തിരുവനന്തപുരം: ടോട്ടൽ ഫോർ യു സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശബരിനാഥ് ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ അഭിഭാഷകനിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ സഞ്ജയ് വർമ്മ നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശബരിനാഥ് തുടങ്ങിയ ഒരു ഇ-കൊമേഴ്സ് സ്ഥാപനത്തിൽ ഇ-ട്രേഡിംഗ് നടത്താൻ പലതവണയായി തന്നിൽ നിന്നും സുഹൃത്തിൽ നിന്നുമായി 34,33,000 രൂപ തട്ടിയെടുത്തെന്നാണ് സഞ്ജയിന്റെ പരാതി.
ഇരട്ടി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. എന്നാൽ, ഇതുവരെയും പണമോ ലാഭമോ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. ടോട്ടൽ ഫോർ യു എന്ന സ്ഥാപനത്തിലൂടെ കോടികൾ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസുകളിൽ വിചാരണ നടപടികൾ തുടരുന്നതിനിടെയാണ് ശബരിനാഥ് പുതിയ തട്ടിപ്പ് നടത്തിയത്.
നടി റോമയെ വിസ്തരിച്ചു
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ സാക്ഷിയായ നടി റോമയെ വിസ്തരിച്ചു. ടോട്ടൽ ഫോർ യുവിന്റെ ആൽബം ലോഞ്ചിംഗിന് ക്ഷണിച്ചിട്ടാണ് എത്തിയതെന്നും ഉദ്ഘാടനത്തിനു ശേഷം താൻ മടങ്ങിപ്പോയെന്നും നടി മൊഴി നൽകി. ശബരിനാഥുമായോ മറ്റ് ടോട്ടൽ ഫോർ യു അംഗങ്ങളുമായോ തനിക്ക് യാതൊരു പരിചയവുമില്ലെന്നും റോമ പറഞ്ഞു. തിരുവനന്തപുരം അഡി.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് വിസ്താരം നടക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |