ദുബായ്: ശ്രീനാരായണ ഗുരുദേവന്റെ ഏക മത ദർശനം ചരിത്ര ദൗത്യത്തിന്റെ നിർവ്വഹണമായിരുന്നുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ദുബായ് ദെയ്‌റ ക്രൗൺപ്ലാസയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെന്റിനറി സെലിബ്രേഷൻ ഒഫ് ഹിസ്റ്റോറിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ ഹാർമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരാശിയെ ഒന്നായി ദർശിച്ച ഗുരുദേവൻ സർവ്വജനാരദ്ധ്യനായി പ്രകാശിച്ചു. സർവ്വമത സിദ്ധാന്തങ്ങളെയും സമന്വയിപ്പിച്ച് 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനം ലോക ചരിത്രത്തിലെ നവീനാദ്ധ്യായമായിരുന്നു. തുടർന്നാണ് ശിവഗിരിയിൽ സർവ്വമത മഹാപാഠശാല സ്ഥാപിച്ചത്. ഗുരുവിന്റെ പ്രവൃത്തികളെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടാഗോറും ആദരിച്ചത് അതു കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി കൾച്ചറൽ ഓർഗനൈസേഷൻ യു.എ.ഇയുടെ ലോഗോ പ്രകാശനം ഇറാൻ ഗ്രൂപ്പ് സി.ഇ.ഒ റസാഖ് മുഹമ്മദ് സ്വാമി സച്ചിദാനന്ദക്ക് നൽകി നിർവ്വഹിച്ചു. ശിവഗിരിമഠം ഉപദേശകസമിതി അംഗം കെ.ജി.ബാബുരാജൻ (ബഹ്റിൻ), യു.എ.ഇ ന്യൂ അലൈൻ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ.സുധാകരൻ എന്നിവർ പ്രഭാഷണം നടത്തി. ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, കെ.ആർ.ഗ്രൂപ്പ് ചെയർമാൻ ഡോ.കണ്ണൻ രവി, ഇറാൻ ഗ്രൂപ്പ് സി.ഇ.ഒ റസാഖ് മുഹമ്മദ്, ദുബായ് മുൻ മന്ത്രി ഡോ. മുഹമ്മദ് എസ്. അൽകിൻഡി, ഷേയ്ഖ് ഇസാബിൻ അബ്ദുളള അൽമുല്ല ഓഫീസ് മാനേജർ അലി അൽ മസീം, ഫാദർ ചെറിയാൻജോസഫ്, റഫീഖ് മുഹമ്മദ്, ചാണ്ടിഉമ്മൻ എം.എൽ.എ, ചാക്കോ, നാസർവിളയിൽ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ നടന്ന സെന്റനറി സെലിബ്രേഷൻ ഒഫ് ഹിസ്റ്റോറിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ ഹാർമണി മന്ത്രി എ.കെ.ശശീന്ദ്രൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. അലി അൽ മസീം, ഫാദർ ചെറിയാൻ ജോസഫ്, റഫീഖ് മുഹമ്മദ്, ചാണ്ടി ഉമ്മൻ എം.എൽ.എ, ചാക്കോ, ഡോ. മുഹമ്മദ് എസ്. അൽകിൻഡി, സ്വാമി സച്ചിദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി വീരേശ്വരാനന്ദ, നാസർ വിളയിൽ, കെ.ജി.ബാബുരാജൻ, ബാബുറാം, അഡ്വ.ഷിഹാബുദ്ദീൻ എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |