തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കടുത്ത നടപടി ഒഴിവാക്കുമെന്ന് വിവരം. അജിത്കുമാറിനെതിരെ സസ്‌പെൻഷൻ പോലുള്ള കടുത്ത നടപടി ആവശ്യമില്ലെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ശുപാർശ നൽകി. മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതിച്ചേർത്തു. അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ടെന്നാണ് ശുപാർശയിൽ പറയുന്നത്. സർക്കാരിന്റെ നിർദേശപ്രകാരമാണ് മുൻ ഡി.ജി.പിയുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത്. പുതിയ ശുപാർശ സർക്കാരിന് കൈമാറി. അജിത്കുമാറിന് താക്കീത് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.
തൃശൂർ പൂരം കലക്കൽ, ഇന്റലിജൻസ് മേധാവി പി.വിജയനെതിരായ സ്വർണക്കടത്ത് ആരോപണം എന്നിവയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ കുറ്റക്കാരനാക്കി മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചിരുന്നു. പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പരിശോധിച്ച് അഭിപ്രായമറിയിക്കണമെന്ന നിർദ്ദേശത്തോടെയായിരുന്നു ഇത്. ആരോപണങ്ങളെക്കുറിച്ച് വീണ്ടും അന്വേഷിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടില്ല.
പൂരം കലങ്ങിയതിൽ അജിത്തിന് ഗുരുതരവീഴ്ചയെന്നാണ് മുൻ ഡി.ജി.പിയുടെ അന്വേഷണറിപ്പോർട്ടിൽ പറയുന്നത്. പൂരത്തിനിടെ ഗുരുതരപ്രശ്നങ്ങളുണ്ടായിട്ടും സ്ഥലത്തുനിൽക്കാതെ ഉറങ്ങാൻ പോയത് ഗുരുതര കൃത്യവിലോപവും അനാസ്ഥയുമാണെന്നുമടക്കം അജിത്തിന്റെ വീഴ്ചകൾ ഇതിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മന്ത്രി കെ.രാജനും അജിത്തിനെതിരെ മൊഴിനൽകിയിരുന്നു. മുൻ ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ തിരിച്ചയയ്ക്കുന്നത് അസാധാരണമാണ്. അജിത്തിനെ സംരക്ഷിക്കാൻ വേണ്ടിയാണിതെന്ന ആരോപണം ശക്തമാവുകയാണ്. നേരത്തേ ഒരുവട്ടം പൂരംകലക്കൽ റിപ്പോർട്ടിൽ റവാഡയോട് നിലപാട് തേടിയെങ്കിലും, താൻ ആസമയത്ത് കേരളത്തിൽ ഇല്ലാതിരുന്നതിനാൽ അഭിപ്രായം പറയാനാവില്ലെന്നായിരുന്നു മറുപടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |