തൃശൂർ: ഓണം മാർക്കറ്റിൽ റോക്കറ്റ് പോലെ വിലക്കയറ്റം. അത്തം മുതൽ വില തോന്നുംപടി. നിയന്ത്രിക്കാൻ ഭരണകൂടവും തയ്യാറല്ലെന്ന് കണ്ടതോടെ വില കുത്തനെ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ വാഴയിലയ്ക്ക് (നാക്കില) 3 രൂപ 50 പൈസയുണ്ടായിരുന്നത് ഒറ്റയടിക്ക് 10 രൂപയാക്കി. ഓണത്തിന് പ്രത്യേകമായി ഉപയോഗിക്കുന്ന പച്ചക്കറികൾക്കും വൻ വിലയാണ് മാർക്കറ്റിൽ. കഴിഞ്ഞ ദിവസം 23 രൂപയുണ്ടായിരുന്ന പച്ചപ്പയറിന് അത്തം നാളിൽ കിലോയ്ക്ക് 50 രൂപയാക്കി. തക്കാളിക്ക് 23 രൂപയുണ്ടായിരുന്നത് 55 രൂപയായി. കാരറ്റിന്റെ വില 70 രൂപ വരെയായി. ബീൻസിന്റെ വിലയും കുതിക്കുകയാണ്. പയർ, ബീൻസ്, തക്കാളി, ക്യാരറ്റ് തുടങ്ങിയവയ്ക്ക് വിലക്കയറ്റം ഒരു സൂചന മാത്രമാണെന്ന് വ്യാപാരികളും പറഞ്ഞു. അടുത്ത ദിവസങ്ങളിൽ വില ഇതിലും കൂടുമെന്ന സൂചനയാണ് നൽകുന്നത്. മാർക്കറ്റിൽ വില ഉയരുന്നതോടെ റീട്ടെയിൽ വിൽപ്പന നടത്തുന്ന കടകളിലും ഇതിലും ഇരട്ടി വില നൽകേണ്ടി വരും.
പായസത്തിലും വ്യാജൻ
ഓണത്തിന് വ്യാപകമായി വിൽപ്പന നടത്തുന്ന പായസത്തിലും വ്യാജൻമാർ. കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്ന പായസത്തിലാണ് വ്യാജൻമാർ കടന്നു കൂടുന്നത്. ഫുഡ് ലൈസൻസ് ഇല്ലാതെ പല കടകളിലും റോഡുകളുടെ വശങ്ങളിലും ഓണം നാളിൽ വിലകുറച്ച് വിൽക്കുന്ന പായസം ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഹെൽത്ത് വിഭാഗവും മുന്നറിയിപ്പ് നൽകുന്നു. സാധാരണ ഒരു കിലോ പാലട പായസമുണ്ടാക്കുന്നതിന് രണ്ട് ലിറ്റർ പാൽ വേണം. ഇതിന് 112 രൂപ. രണ്ട് കിലോ പഞ്ചസാരയ്ക്ക് 108 രൂപ. ഇത് തയ്യാറാക്കാനുള്ള ചേരുവകൾ വേറെ. എല്ലാം കൂടി 220 രൂപ ചെലവ് വരുന്ന പാൽപായസം പോലും കുറഞ്ഞ വിലയ്ക്കാണ് തെരുവോരങ്ങളിലും മറ്റും വിൽപന നടത്താനെത്തുന്നത്. കെമിക്കൽ ചേർത്തുണ്ടാക്കാതെ വില കുറച്ച് പായസം വിൽക്കാൻ സാധിക്കില്ലെന്ന് കാറ്ററിംഗ് ഉടമകൾ വ്യക്തമാക്കി.
ഭക്ഷ്യവിഷബാധ ഭീഷണി
വിലകുറച്ച് വിൽക്കുന്ന പായസവും മറ്റ് ഭക്ഷണ പദാർത്ഥങ്ങളും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 133 പേരാണ് സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ മൂലം മരിച്ചത്. 2450 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.
കെമിക്കലുകൾ ഉപയോഗിച്ച് ഉത്സവ സീസണുകളിലും മറ്റും ലൈസൻസില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ഫുഡ് സേഫ്റ്റി കമ്മിഷണർക്കും മറ്റും പരാതികൾ നൽകിയിട്ടും ഒരു നടപടിയുമെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. അതിനാലാണ് തങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്നത്.
-ബാലൻ കല്യാണി,
ജനറൽ സെക്രട്ടറി,
ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |