വിമാനത്താവള ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്ര മുന്നറിയിപ്പ്
തിരുവനന്തപുരം: റൺവേ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് സുരക്ഷിതമാക്കാനാണ്, ചാക്കയിൽ ഭൂമിയേറ്റെടുക്കേണ്ടതെന്ന് ജനങ്ങളോട് വിശദീകരിച്ച് വിമാനത്താവള നടത്തിപ്പുകാരായ അദാനിഗ്രൂപ്പ്. വാണിജ്യ ആവശ്യങ്ങൾക്കോ വികസനപ്രവർത്തനങ്ങൾക്കോ അല്ല ഭൂമിയേറ്റെടുക്കുന്നത്. ഒരിഞ്ച് ഭൂമിയും അദാനിക്ക് നൽകേണ്ടതില്ലെന്നും എയർപോർട്ട് അതോറിട്ടിക്കാണ് സർക്കാർ ഭൂമി കൈമാറുന്നതെന്നും അവർ നിലപാടറിയിച്ചു. ഭൂമിയേറ്റെടുക്കലിന് പരിസ്ഥിയാഘാത ക്ലിയറൻസിന് മുന്നോടിയായി ഇന്നലെ ഈഞ്ചയ്ക്കലിലെ ഹോട്ടലിൽ നടന്ന പൊതുഹിയറിംഗിലാണ് അദാനിഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയത്.
റൺവേ സുരക്ഷിതമല്ലാത്തതിനാൽ കരിപ്പൂരിലേതുപോലെ വലിയ വിമാനങ്ങൾ വിലക്കുമെന്നും വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കേണ്ടിവരുമെന്നും ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) സർക്കാരിനെ അറിയിച്ചിരുന്നു.വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്കാണെങ്കിലും ഉടമസ്ഥരായ എയർപോർട്ട് അതോറിട്ടിക്കാണ് ഭൂമി കൈമാറേണ്ടതെന്ന് അവരും അറിയിച്ചു. എല്ലാവർഷവും അന്താരാഷ്ട്ര ഓർഗനൈസേഷൻ പരിശോധനയ്ക്കെത്തുമ്പോൾ ബേസിക്സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടിചോദിക്കുകയാണ് പതിവ്. വർഷങ്ങളായി താത്കാലിക ലൈസൻസിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. ഇനിയിങ്ങനെ തുടരാനാവില്ലെന്നും ലൈസൻസ് റദ്ദാക്കുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഹിയറിംഗിൽ പങ്കെടുത്തവർ സ്ഥലമെടുക്കലിൽ ആശങ്കയറിയിച്ചപ്പോഴായിരുന്നു വിശദീകരണം.
ഭൂമിയേറ്റെടുത്ത് എയർപോർട്ട് അതോറിട്ടിക്കായിരിക്കും സർക്കാർ കൈമാറുകയെന്നാണ് അറിയുന്നത്. ഇതിന്റെ വില വിമാനത്താവള നടത്തിപ്പുകാരായ അദാനി എയർപോർട്ട് അതോറിട്ടിക്ക് നൽകും. അതോറിട്ടിയാവും സർക്കാരിന് ഭൂമിവില നൽകുക. ബ്രഹ്മോസും ഫയർസ്റ്റേഷനുമടക്കം മാറ്റി സ്ഥാപിക്കാനും വലിയ ചെലവുണ്ടാവും.
ഭൂമിക്കായി അദാനി എയർപോർട്ട് അതോറിട്ടിക്ക് നൽകുന്ന പണം,അദാനി നൽകുന്ന പാട്ടത്തുകയിൽ കുറവുചെയ്യും. ഓരോ യാത്രക്കാരനും 168രൂപ വീതം എയർപോർട്ട് അതോറിട്ടിക്ക് അദാനി നൽകണമെന്നാണ് പാട്ടവ്യവസ്ഥ. അദാനിയുടെ നടത്തിപ്പിലുള്ള ഗുവാഹത്തി വിമാനത്താവളത്തിലും റൺവേ സുരക്ഷിതമാക്കാൻ ഭൂമിയേറ്റെടുത്തത് ഇതേ വ്യവസ്ഥയിലാണ്. ഇന്നലത്തെ ഹിയറിംഗിൽ 125പേർ പങ്കെടുത്തു. ജില്ലാകളക്ടർ അനുകുമാരിയും ഉദ്യോഗസ്ഥരും ഹിയറിംഗിനെത്തി.
സുരക്ഷാപ്രശ്നമായി ബേസിക് സ്ട്രിപ്പ്
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതാണ് പ്രശ്നം.
റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം.ഈ സ്ഥലത്ത് നിർമ്മാണങ്ങൾ അനുവദിക്കില്ല.
റൺവേയുടെ പലഭാഗത്തും 20മീറ്റർ വരെ കുറവുണ്ട്.ആൾസെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവുള്ളത്.
റൺവേ സുരക്ഷിതമാക്കാൻ വേണ്ടത് 22.448ഏക്കറാണ്. ഇതിൽ 9.262ഏക്കർ ശംഖുംമുഖത്തേക്കുള്ള റോഡിന്റെ ഭാഗമാണ്.
ബ്രഹ്മോസിന്റെ 4.557, ഫയർഫോഴ്സിന്റെ 4.417, ചാക്ക ഐ.ടി.ഐയുടെ 0.007ഏക്കർ വീതവും 4.205ഏക്കർ ഭൂമിയുമേറ്റെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |