കോഴിക്കോട്: വിപണിയിൽ ഇടം പിടിക്കാൻ ഓണചന്തകളുമായി കുടുബശ്രീയും. ജില്ല മിഷന്റെ ആഭിമുഖ്യത്തിൽ 30 മുതൽ സെപ്റ്റംബർ നാലു വരെ ജില്ലയിലെ 82 സി.ഡി.എസുകളിലായി 160 ഓളം ഓണച്ചന്തകളാണ് സംഘടിപ്പിക്കുന്നത്. മുതലക്കുളം മെെതാനിയിലാണ് ജില്ല തല ഓണചന്ത പ്രവർത്തിക്കുക. വിലക്കുറവിൽ ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. കുടുംബശ്രീയുടെയും സംഘകൃഷി ഗ്രൂപ്പുകളുടെയും ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്കെത്തുക.
കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെയും അതതു പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ചന്തകളുടെ പ്രവർത്തനം. ഓരോ സി.ഡി.എസുകളുടെ കീഴിലും ചന്തകൾ തുടങ്ങും. ഓണച്ചന്ത സംഘടിപ്പിക്കുന്നതിന് ഓരോ സി.ഡി.എസുകൾക്കും ജില്ല മിഷൻ 20,000 രൂപ വീതം സഹായം നൽകുന്നുണ്ട്. ജില്ലയിലെ 5000ത്തോളം സംരംഭ യൂണിറ്റുകൾക്ക് വരുമാനം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് വിൽപ്പന. നാലിന് അവസാനിക്കും.
ചന്തയിലുണ്ടാകും
നാടൻ പച്ചക്കറികൾ, വറുത്ത ഉപ്പേരി, ശർക്കര ഉപ്പേരി, വിവിധതരം പായസങ്ങൾ, അച്ചാറുകൾ, കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കുന്ന ഗോതമ്പ് പൊടി, റാഗി പൊടി, അവിലോസ് പൊടി, ബജ്ജി പൊടി, കസവുമുണ്ട്, സെറ്റുസാരി, ഫാൻസി സാധനങ്ങൾ, ബാഗുകൾ, കരകൗശല വസ്തുക്കൾ, കത്തി, ഇരുമ്പു പാത്രങ്ങൾ, മൺ പാത്രങ്ങൾ, പൂക്കൾ.
ഓണം സ്പെഷ്യൽ കിറ്റും
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് ഓണം സ്പെഷ്യൽ കിറ്റുകളും വിതരണം ചെയ്യും. പപ്പടം, അച്ചാർ, ശർക്കര ഉപ്പേരി, വരുത്തുപ്പേരി, വിവിധ തരം പൊടികൾ, പായസക്കിറ്റ് എന്നിവ അടങ്ങിയ കിറ്റുകൾ 500 രൂപയ്ക്ക് നൽകാനാണ് തീരുമാനം. 50 കിറ്റുകളാണ് ഓരോ സി.ഡി.എസും വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |