കോഴിക്കോട്: നഗരത്തിലെ തെരുവുനായ ശല്യത്തിന് അറുതി വരുത്താൻ നായകൾക്കായി ഡോഗ് പാർക്ക് ഒരുക്കാൻ മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ തീരുമാനം. അനുകൂലമായ സ്ഥലം ലഭിച്ചാൽ നായകളെ പ്രത്യേകം താമസിപ്പിക്കുന്ന രീതിയിലുള്ള പാർക്കാണ് സജ്ജമാക്കുക. സ്ഥലം ലഭ്യമാക്കുന്നതിന് താത്പ്പര്യ പത്രം ക്ഷണിക്കാൻ അനുമതിയായി.നഗരത്തിൽ തെരുവ് നായ ശല്യം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും പൊതുജനങ്ങൾക്ക് നിരത്തിൽ ഇറങ്ങി നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്നും ഇതിനെരിരെ ശക്തമായ നടപടി കെെക്കൊള്ളണമെന്നും ഭരണ പ്രതിപക്ഷ കൗൺസിലർമാർ ഒരുപോലെ ആവശ്യപ്പെട്ടു. പദ്ധതി സാക്ഷാത്‌ക്കരിച്ചാൽ ജില്ലയിലെ ആദ്യ ഡോഗ് പാർക്കാവുമിത്. 2024–25 ബജറ്റിൽ നിർദേശിച്ച പദ്ധതിയാണ് പൂർത്തീകരിക്കാനൊരുങ്ങുന്നത്. നഗരത്തിനുള്ളിലോ പുറത്തോ ജനവാസം കുറഞ്ഞ സ്ഥലമാണ് തേടുന്നത്. ചുവരുകൾ കെട്ടി, പ്രത്യേകം വലിയ കൂടുകളിലാക്കിയാവും നായകളെ സംരക്ഷിക്കുക. ആക്രമണകാരിയായ തെരുവുനായകൾ, രോഗമുള്ളവ, വന്ധ്യംകരണം പൂർത്തിായക്കിയ തുടങ്ങിയവയെ പാർക്കിലേക്ക് മാറ്റിയേക്കും.
മറ്റു കാര്യങ്ങളിൽ തീരുമാനമായില്ല. 2019 ലെ സർവേ അനുസരിച്ച് 13,182 തെരുവ് നായകളെയാണ് കണ്ടെത്തിയതെന്നും എ.ബി.സി പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ 14,483 തെരുവ് നായകളെ വന്ധ്യംകരിച്ചിട്ടുണ്ടെന്നും കോർപറേഷൻ വെറ്ററിനറി ഡോക്ടർ ഡോ.ശ്രീഷ്മ പറഞ്ഞു.
ലൈഫിലെ വീടുകൾക്ക് മോദിയുടെ പടം വേണ്ട
ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കേന്ദ്ര സര്‍ക്കാരിന്‍റെ ലോഗോയും സ്ഥാപിക്കണമെന്ന നിര്‍ദേശം നീക്കം ചെയ്ത് പദ്ധതി പൂർത്തീകരിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. പി.എം.എ.വൈ ഭാവന പദ്ധതി രണ്ടാം ഘട്ടം എത്രയും പെട്ടെന്ന് തന്നെ കേരളത്തിൽ നടപ്പിലാക്കാൻ സർക്കാറിനോട് ആവശ്യപ്പെടണമെന്ന് യു.ഡി. എഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി ശോഭിതയാണ് അടിയന്തര പ്രേമയത്തിലൂടെ ആവശ്യപ്പെട്ടത്. തുടർന്ന് നടന്ന ചർച്ചയിൽ വീടിന് ബ്രാൻഡിംഗ് നടത്തുന്നത് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന ഭരണപക്ഷ കൗൺസിലർമാരുടെ നിലപാടിനെ തുടർന്ന് ബ്രാൻഡിംഗ് ഒഴിവാക്കണമെന്ന ഭേദഗതികളോടെ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പ്രമേയം പാസാക്കുകയായിരുന്നു.
റോഡുകൾ ശരിയാക്കാൻ 50 ലക്ഷം
കനത്ത മഴയെ തുടർന്ന് കുണ്ടും കുഴിയുമായ നഗരത്തിലെ റോഡുകൾ നന്നാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. റോഡുകളുടെ അറ്റാകുറ്റപ്പണികൾക്കായി 50 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും എസ്റ്റിമേറ് നടപടികൾ പുരോഗമിക്കുകയാണെന്നും സൂപ്രണ്ടിംഗ് എൻജിനീയർ വ്യക്തമാക്കി. പ്രതിപക്ഷ കൗൺസിലർ എസ്.കെ അബൂബക്കറാണ് ശ്രദ്ധ ക്ഷണിച്ചത്.
വെസ്റ്റ്ഹിൽ പ്ലാന്റ് യാഥാർഥ്യത്തിലേക്ക്
അമൃത് പദ്ധതിയിലുൾപ്പെടുത്തി വെസ്റ്റ്ഹില്ലിൽ നിർമിക്കുന്ന മലിനജലസംസ്കരണ പ്ലാന്റി (എസ്.ടി.പി.) യാഥാർത്ഥ്യത്തിലേക്ക്. വിശദമായ രൂപ രേഖ ഉടൻ തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കോർപറേഷൻ സെക്രട്ടറി യു. ബിനി കൗൺസിലർ കെ. മൊയ്‌തീൻ കോയയുടെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയിയായി പറഞ്ഞു. 15 എം.എൽ.ഡി. യുടെ പ്ലാന്റ് നിർമാണത്തിന് 54.5 കോടിയാണ് കരാർ തുക. ഏഴുവർഷത്തെ നടത്തിപ്പിനായി 9.67 കോടിയാണ് കണക്കാക്കിയിട്ടുള്ളത്. ആകെ 64.17 കോടിയാണ് കരാർ. ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ (ഡി.ബി.ഒ.ടി.) രീതിയിലാണ് പ്ലാന്റ് നിർമിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |