കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് തുടങ്ങണമെന്ന് നിർദ്ദേശം
കോഴിക്കോട്: കോഴിക്കോട് - കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മത്സര ഓട്ടത്തിന് കടിഞ്ഞാണിടാൻ മനുഷ്യാവകാശ കമ്മിഷൻ. നിരവധി ജീവൻ പൊലിയുകയും സംഘർഷങ്ങളുണ്ടാവുകയും ദിവസങ്ങളോളം ബസുകൾ തടഞ്ഞുള്ള പ്രതിഷേധങ്ങളും അരങ്ങേറിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ കർശന നിർദ്ദേശങ്ങൾ സമർപ്പിച്ച് വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. സ്വകാര്യബസുകളുടെ മത്സര ഓട്ടം തടയാനും അപകടങ്ങൾ നിയന്ത്രിക്കാനും ഫലപ്രദമായ നടപടികളെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
കഴിഞ്ഞ ജൂൺ 11ന് പേരാമ്പ്ര ബസ് സ്റ്റാന്റിൽ അമിതവേഗതയിലെത്തിയ ബസിനെ വിദ്യാർത്ഥികളും നാട്ടുകാരും തടഞ്ഞതിനെ പറ്റിയുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എക്സൈസ് സംയുക്ത പരിശോധന പതിവാക്കണം. ബ്ലാക്ക് സ്പോട്ടുകളിൽ അപ്രതീക്ഷിത സമയങ്ങളിൽ പരിശോധിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണം.ട്രാഫിക് ഉപദേശക സമിതിയുടെ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കണം. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണം. പഞ്ചിംഗ് സിസ്റ്റം ഫലപ്രദമായി നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചു. തിരക്കുള്ള സമയങ്ങളിൽ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ആരംഭിച്ച് സ്വകാര്യ ബസുകളുടെ സമ്മർദ്ദം തടയണം. സുരക്ഷാ ചിഹ്നങ്ങൾ വ്യക്തമായി മനസിലാക്കുന്ന വിധത്തിൽ മാറ്റി സ്ഥാപിക്കണം.നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ജില്ല കളക്ടർ സ്വീകരിക്കണം. ജില്ലാ പൊലീസ് മേധാവി (സിറ്റി,റൂറൽ), ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ, ആർ.ടി.ഒ., പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ, കോഴിക്കോട് , കൊയിലാണ്ടി നഗരസഭ സെക്രട്ടറിമാർ, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് ഉത്തരവയക്കും.
മറ്റ് നിർദ്ദേശങ്ങൾ
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കണം. റോഡ് കൈയേറ്റം പൂർണമായി ഒഴിപ്പിക്കണം. ഡ്രൈവർമാരെ ബോധവത്കരിക്കണം. ബസുടമകൾ, ഡ്രൈവർമാർ, ഉദ്യോഗസ്ഥർ, യാത്രക്കാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ നിരീക്ഷണ സമിതി രൂപീകരിച്ച് മാസംതോറും യോഗങ്ങൾ നടത്തി അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകണം. ബസ് യാത്രക്കാരായ കുട്ടികളുടെ സുരക്ഷനടപടികൾ സ്കൂൾ അധികൃതർ ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |