പത്തനംതിട്ട: കാൽ മടക്കാൻ കഴിയാത്ത 66 വയസുകാരിയുടെ ഗർഭാശയം താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കംചെയ്ത് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടർമാർ. ഇടുപ്പിലെ വൈകല്യം മൂലം കാൽ മടക്കിവയ്ക്കാൻ പറ്റാത്ത രോഗിയെ നേരെ കിടത്തി ലാപ്പറോസ്‌കോപ്പി (താക്കോൽ ദ്വാര ശസ്ത്രക്രിയ) വഴിയാണ് ഗർഭാശയം നീക്കം ചെയ്തത്. ആശുപത്രി ഗൈനക് ലാപ്പറോസ്‌കോപ്പി വിഭാഗം മേധാവി ഡോ. സിറിയക് പാപ്പച്ചൻ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.താക്കോൽ ദ്വാരം വഴി നേരെ കിടത്തിയുള്ള ഗർഭാശയ നീക്കം നേരത്തെ എവിടെയും ചെയ്തിട്ടില്ലെന്ന് ആശുപത്രി അധിക്യതർ പറഞ്ഞു.സാധാരണ രോഗിയുടെ കാലുകൾ മടക്കിവച്ച് യോനി വഴിയാണ് ഗർഭാശയ നീക്കം നടത്തുന്നത്. എന്നാൽ കൊട്ടാരക്കര സ്വദേശിനിയായ രോഗിക്ക് ഇടത് ഇടുപ്പിലെ ജോയിന്റ് ഇല്ലാത്തതിനാൽ കാലുകൾ മടക്കിവയ്ക്കാൻ സാധിക്കില്ല.
ഗർഭപാത്രം ഇറങ്ങിവരുന്ന അസുഖമായിരുന്നു. 13ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ അവർ പൂർണ ആരോഗ്യവതിയായി ആശുപത്രിവിട്ടു. താക്കോൽദ്വാര ശസ്ത്രക്രിയ ആയതിനാൽ വളരെ ചെറിയ മുറിവ് മാത്രമാണ് ഉണ്ടായത് രക്തം പോകുന്നതോ വേദന ഉണ്ടാകുന്നതോ ഒഴിവാക്കാനായി. ശസ്ത്രക്രിയയിൽ ഡോ. ഷീജാ വർഗീസ് (അനസ്‌തേഷ്യ), ഡോ. റോഷ്‌നി സുഭാഷ് (ലാപ് സർജൻ), ഡോ. അശ്വിൻ ആന്റണി, ഡോ. ധരണി, നഴ്‌സുമാരായ ഷിജി, ജെറിൻ, എന്നിവരും ഉൾപ്പെട്ടു.വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, സി.ഇ. ഒ ഡോ. ജോർജ് ചാക്കച്ചേരി , ഡോ. മാത്യൂസ് ജോൺ, പി. ആർ. ഒ ഡി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |