മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് വ്യക്തികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവ് രാഹുൽ രാമചന്ദ്രനും. അഭിനയത്രിയായ ശ്രീവിദ്യ ടെലിവിഷൻ പരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. സിനിമാ സംവിധായകനാണെങ്കിലും രാഹുലിനെ ഏറെപേർ ശ്രദ്ധിച്ചുതുടങ്ങിയത് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. വ്യത്യസ്‌തമായ അവതരണ ശൈലിയുള്ള രാഹുലിന്റെ വീഡിയോകൾക്ക് ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് വരുന്നത്. ഇപ്പോഴിതാ രാഹുൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.
'അധികം സിനിമകളൊന്നും ഞാൻ സംവിധാനം ചെയ്‌തിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി വെറുതേ ഇരിക്കുകയായിരുന്നു. ഒരു സിനിമ ചെയ്യാനുണ്ട്. അത് വൈകുന്നതിന്റെ ഡിപ്രഷൻ. അങ്ങനെ വല്ലാത്തൊരവസ്ഥ. ഈ സമയത്ത് ഒന്നുചെയ്യാനില്ല. അങ്ങനെയാണ് വെറുതേ ഒരു വീഡിയോ ചെയ്യാമെന്ന് കരുതിയത്. വെറുതേ കുറച്ച് വീഡിയോ എടുത്തു. വീട്ടിൽ വന്ന് വോയിസ് ചെയ്‌ത് അപ്‌ലോഡ് ചെയ്‌തു. ഒട്ടും പ്രതീക്ഷിച്ചില്ല. ആ വീഡിയോ ഒരു മില്യണിലധികം ആളുകൾ കണ്ടു. ചേട്ടന്റെ ശബ്‌ദം നല്ലതാണെന്ന് പറഞ്ഞ് നിരവധിപേർ മെസേജയച്ചു. ഒരു സിനിമ ഹിറ്റാകുന്നതിനേക്കാൾ സന്തോഷമായിരുന്നു അന്നെനിക്ക്.
കഴിഞ്ഞ എട്ട് വർഷമായി എന്നെ ഒരു കുറവും ഇല്ലാതെ നോക്കുന്നത് ശ്രീവിദ്യയാണ്. സിനിമ ഇല്ലാതെ നിൽക്കുന്ന ഒരു സംവിധായകന്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാമല്ലോ. അവളുടെ പിറന്നാളിന് പോലും സമ്മാനം വാങ്ങിക്കൊടുക്കാൻ എന്റെ കയ്യിൽ കാശില്ലായിരുന്നു. ശ്രീവിദ്യ എന്റെ അക്കൗണ്ടിലേക്ക് കാശയക്കുമായിരുന്നു അവൾക്ക് ഗിഫ്‌റ്റ് വാങ്ങിക്കൊടുക്കാൻ. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. ആർക്കും ദോഷമില്ലാത്ത പ്രമോഷനുകൾ ഞാൻ ചെയ്യുന്നുണ്ട്. അതിൽ നിന്ന് കിട്ടുന്ന കാശിന് അവൾക്ക് സർപ്രൈസായി ഓരോന്ന് വാങ്ങിക്കൊടുക്കാറുണ്ട്. ഇത്രയും നാൾ എന്നെ നോക്കിയ ഭാര്യയെ എനിക്ക് തിരിച്ച് നോക്കാൻ പറ്റുന്നുണ്ട്.
ഞാനെന്റെ സ്വന്തം ഭാര്യയുടെ ചെലവിനാണ് ജീവിച്ചത്. അങ്ങനെ പറയുന്നവർ പറയട്ടെ. അതിൽ തെറ്റൊന്നുമില്ല. എനിക്ക് അഭിമാനമേയുള്ളു. അവളെന്നെ നോക്കിയെങ്കിൽ അതിന്റെ പത്തിരട്ടി നന്നായി ഇനിയുള്ള കാലത്ത് അവളെ നോക്കാൻ എനിക്കും കഴിയും. അല്ലാതെ എല്ലാം ഭാര്യയുടെ തലയിൽക്കൊണ്ട് വയ്‌ക്കുകയല്ല. മാസവാടക കൊടുക്കാൻ പോലും ഞങ്ങൾക്ക് പണമില്ലായിരുന്നു. ഇപ്പോൾ എല്ലാം മാറി. എന്റെ അമ്മ നല്ല സ്‌ട്രോംഗായിട്ടുള്ള സ്‌ത്രീയാണ്. അങ്ങനെയൊരാളെ കണ്ട് വളർന്ന എനിക്ക് അതിലും സ്‌ട്രോംഗായ ഒരു ഭാര്യയെ കിട്ടി. ഭാഗ്യമാണ്' - രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |