കൊടുമൺ : കൊടുമൺ ജംഗ്ഷനിൽ ട്രാഫിക്ക് സിഗ്നൽ ലൈറ്റു സംവിധാനം ഇല്ലാത്തത് അപകട സാദ്ധ്യത വർദ്ധിക്കുന്നു. ഇപ്പോൾ നവീകരണം പൂർത്തിയായ ഏഴംകുളം - കൈപ്പട്ടൂർ റോഡിലെ ഒരു പ്രധാന ജംഗ്ഷനാണ് കൊടുമൺ. മുക്കവല കൂടിയായതിനാൽ മൂന്ന് ഭാഗത്തു നിന്നും വാഹനങ്ങൾ കടന്നു വരുന്ന സ്ഥിതിയുണ്ട്. താരതമ്യേന തിരക്ക് വർദ്ധിച്ച ഏഴംകുളം -കൈപ്പട്ടൂർ റോഡും കൊടുമൺ അങ്ങാടിക്കൽ റോഡും ചേരുന്നിടമാണ് ഇവിടം. എപ്പോഴും ജനത്തിരക്കും വാഹനത്തിരക്കുമുള്ള സ്ഥലമായതിനാൽ ഗതാഗത നിയന്ത്രണ സംവിധാനമില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. ഇവിടെ ശാസ്ത്രീയമായ രീതിയിൽ സിഗ്നൽ ലൈറ്റുകൾ ഏർപ്പെടുത്തിയാൽ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെട്ടതാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ നവീകരണം കഴിഞ്ഞതോടെ ഇരുവശത്തേക്കും വാഹനങ്ങൾ അമിത വേഗതയിലാണ് കടന്നു പോകുന്നത്. അങ്ങാടിക്കൽ ഭാഗത്ത് നിന്നും ഈ റോഡിലേക്ക് വാഹനങ്ങൾ വന്നു കയറുമ്പോൾ ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടങ്ങൾ നടക്കാത്തത്. ഇവിടെയെത്തുന്ന ആളുകളും പലപ്പോഴും അശ്രദ്ധമായാണ് ഇരു ദിശയിലേക്കും റോഡ് മുറിച്ചു കടക്കുന്നത്. കൊടുമണ്ണിലെ ഉൾപ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾ ഓണക്കാലത്ത് ഇവിടേക്ക് എത്തുമ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം ദുഷ്കരമാകും.
......................................
ഇവിടെ സിഗ്നൽ ലൈറ്റ് സംവിധാനം നടപ്പിലാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.
(നാട്ടുകാർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |