കല്ലറ: കഴിഞ്ഞ ജൂലായിൽ പാൽവില ഉയരുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. എന്നാൽ അന്ന് വിലകൂട്ടാതെ ഇതിനെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുക മാത്രമാണ് മിൽമ ചെയ്തത്. അനുദിനം കാലിത്തീറ്റയുടെ ഉൾപ്പെടെ വില ഉയരുന്ന സാഹചര്യത്തിൽ പാലിന്റെയും വില വർദ്ധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഓണത്തിനു മുമ്പ് പാൽവില ഉയരുമോയെന്ന് ഉറ്റുനോക്കുകയാണ് ക്ഷീരമേഖല. നിലവിൽ ക്ഷീരസംഘങ്ങളിലേക്ക് പാൽ നൽകുന്നത് പലരും അവസാനിപ്പിച്ചു.
പാൽ വീടുകളിലും കടകളിലുമാണ് നൽകുന്നത്. മിൽക്ക് എ.ടി.എം ഉൾപ്പെടെ ആധുനിക സംഘങ്ങൾ കൊണ്ടുവരുമ്പോഴും അർഹിച്ച പാൽവില നൽകാൻ സംഘങ്ങൾ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം പാൽവില കൂട്ടിയാൽ സാധാരണക്കാരായ ജനങ്ങൾക്ക് പാൽ വാങ്ങുന്നത് താങ്ങാൻ കഴിയാതെയാകും.
നഷ്ടം സഹിച്ച് ഇനി എത്രകാലം
എട്ടു രൂപയോളം പാൽവില കൂട്ടണമെന്ന് മിൽമ നിയോഗിച്ച വിദഗ്ദ്ധസമിതി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അഞ്ച് രൂപയിൽ കൂടുതൽ വർദ്ധിപ്പിക്കാൻ സാദ്ധ്യതയില്ലെന്നാണ് ക്ഷീരകർഷകരുടെ കണക്കുകൂട്ടൽ. അഞ്ച് രൂപ വർദ്ധിപ്പിച്ചാൽ കർഷകർക്ക് ഒന്നര രൂപ മാത്രമേ ലഭിക്കൂ. ഇതുകൊണ്ട് തങ്ങളുടെ ദുരിതം തീരില്ല. കൂട്ടുന്ന വിലയുടെ പകുതിയെങ്കിലും കർഷകർക്ക് കിട്ടണം. എന്നാൽ ഇത്തരത്തിൽ പാൽവിലകൂട്ടിയാൽ സാധാരണക്കാരായ ജനങ്ങൾ പാൽ ഉപയോഗം കുറയ്ക്കുമെന്നതും കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 60 രൂപയോളം ചെലവാകും
.ഒരു ലിറ്റർ പാലിന് (കർഷകർക്ക് ലഭിക്കുന്ന വില): 43രൂപ
നഷ്ടം സഹിച്ച് പശുവളർത്തേണ്ടെന്ന് തീരുമാനിച്ചാണ് പലരും മേഖല വിട്ടത്. പുറത്ത് നിന്നെത്തുന്ന പാൽ പരിശോധിക്കാൻ അധികൃതർ തയാറാകുന്നില്ല. കർഷകന് 70 രൂപയെങ്കിലും ലഭിക്കത്തക്ക നിലയിൽ വില ക്രമീകരിക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |