കോന്നി : ചെങ്ങറ സമരഭൂമി നിവാസികൾക്ക് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച ഓണക്കിറ്റുകളും റേഷൻ കാർഡുകളും ഇന്ന് രാവിലെ 9.30ന് സമര ഭൂമിയിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിതരണം ചെയ്യും. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഭൂ സമരം തുടരുന്ന ചെങ്ങറയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജനീഷ് കുമാർ.എം.എൽ.എ മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും നല്കിയ നിവേദനങ്ങളെ തുടർന്നാണ് സർക്കാർ നടപടി. സ്വന്തമായി റേഷൻ കാർഡ് വേണമെന്നത് സമരഭൂമി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യൂ സെക്രട്ടറി രാജമാണിക്യം, ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എന്നിവർ ഇവിടെ സന്ദർശനം നടത്തിയിരുന്നു. സമരഭൂമിയിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ്, സ്ഥിരതാമസ രേഖ, സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ് ഭൂമിപ്രശ്നങ്ങൾ, എന്നിവ സംബന്ധിച്ച പരാതികൾ സമരസമിതി പ്രവർത്തകർ റവന്യു സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |