ആലപ്പുഴ : അങ്കണവാടികളിലെ കുട്ടികൾക്ക് പരിഷ്കരിച്ച മെനുപ്രകാരമുള്ള ഭക്ഷണവിതരണം സെപ്തംബർ എട്ടുമുതൽ ആരംഭിക്കും. പോഷകമൂല്യം കൂടി കണക്കാക്കിയാണ് കുട്ടികൾക്ക് പ്രതിദിനം ഭക്ഷണം നൽകുക. തിങ്കളാഴ്ചത്തെ മെനുപ്രകാരം ഒരു കുട്ടിക്ക് ലഭിക്കുന്ന ആകെ പോഷകമൂല്യം 602.09 കിലോ കലോറി ഊർജ്ജവും 20.42 ഗ്രാം മാംസ്യവുമാണ്. ഇങ്ങനെ ഓരോദിവസവും നൽകുന്ന വിഭവങ്ങൾ ഓരോന്നും നിശ്ചിതഅളവിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതുവഴി നിശ്ചിത ഊർജ്ജവും മാംസ്യവും ലഭിക്കും.
പാൽ, പിടി,കൊഴുക്കട്ട, ഇലയട, ന്യൂട്രീ ലഡു, റാഗി/അരി അട തുടങ്ങിയവയാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചോറ്, ചെറുപയർ കറി, ഇലക്കറികൾ, തോരൻ/ഉപ്പേരി, മുട്ടബിരിയാണി/മുട്ടപുലാവ്, ഫ്രൂട്ട് കപ്പ്, പയർകഞ്ഞി, മുട്ട ഓംലറ്റ്, വെജ് പുലാവ് തുടങ്ങിയവയാണ് ഉച്ചഭണം. പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം, റാഗി അട, ഇഡലി, സാമ്പാർ, അവിൽ, ശർക്കര, ഗോതമ്പ് നുറുക്ക് പുലാവ്, ധാന്യ പായസം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം പഞ്ചസാര ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്തിയും എണ്ണയുടെയും ഉപ്പിന്റെയും അളവ് കുറച്ചുമാണ് കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുക. കേന്ദ്ര വനിത-ശിശുവികസന മന്ത്രാലയത്തിന്റെ മിഷൻ സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0 മാനദണ്ഡങ്ങൾ പ്രകാരം ആറുമാസം മുതൽ ആറുവയസുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, കൗമാരക്കാർ എന്നിവരിൽ പോഷക അപര്യാപ്തത മൂലമുള്ള രോഗങ്ങൾ പരിഹരിക്കുന്നതിന് വർഷത്തിൽ കുറഞ്ഞത് 300 ദിവസമെങ്കിലും പോഷകാഹാരം ഉറപ്പാക്കണമെന്നാണ് നിർദ്ദേശം
ജീവനക്കാർക്ക് പരിശീലനം
1. പുതിയ മെനു നടപ്പാക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ പരിശീലനം ഉടൻ പൂർത്തിയാകും
2. സംസ്ഥാനതലത്തിലുള്ള പരിശീലനം പൂർത്തിയായി. ജില്ലാ തലത്തിലുള്ള പരിശീലനം നടന്നുവരികയാണ്.
3. പരിഷ്‌ക്കരിച്ച മെനു നടപ്പാക്കുന്നതിന് ജൂണിൽ ഉത്തരവ് വന്നിരുന്നെങ്കിലും ജീവനക്കാർക്കുള്ള പരിശീലനം വൈകി
ദിവസം, ഊർജം (കിലോകലോറി), മാംസ്യം (ഗ്രാം)
തിങ്കൾ - 602.09, 20.42
ചൊവ്വ - 645.57, 17.391
ബുധൻ - 585.6, 21.33
വ്യാഴം - 762.1, 22.315
വെള്ളി - 746.39, 19.84
ശനി - 725.39, 22.12
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |