തൃശൂർ : ഓണവിപണിയിൽ കരിനിഴൽ വീഴ്ത്തി കനത്ത മഴ. കഴിഞ്ഞദിവസം മുതൽ പെയ്ത കനത്ത മഴ ഓണവിപണി ലക്ഷ്യമിട്ട് ഇറങ്ങിയവർക്ക് ആശങ്ക സൃഷ്ടിച്ചു. ഇന്നലെ പകൽ മുഴുവൻ ശക്തമായ മഴയായിരുന്നു. വഴിയോര കച്ചവടക്കാരെ സംബന്ധിച്ച് മഴ ദുരിതമായി. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലും മറ്റും തറവാടക നൽകി ഓണത്തിന് കച്ചവടം നടത്താനെത്തിയവർ നിരാശയിലായി. ഓണത്തിന് മുമ്പുള്ള ശനി, ഞായർ ദിവസങ്ങളിലാണ് ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസങ്ങൾ. മഴ തുടരുമെന്ന മുന്നറിയിപ്പ് പ്രതീക്ഷകൾ കെടുത്തുകയാണ്.
പൂവിപണി തകർന്നു
കനത്ത മഴ പൂവിപണിയെ തകർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഇത്തവണ പൂവിപണിയിൽ ഉണ്ടായത്. എന്നാൽ കഴിഞ്ഞദിവസം മുതൽ മഴ ആരംഭിച്ചതോടെ കച്ചവടം പത്തിലൊന്നായി കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ പൂവിന്റെ ലഭ്യത കുറഞ്ഞതോടെ വിലയും കയറി. കച്ചവടം ആരംഭിച്ച ഉടനെ നിറുത്തേണ്ട സാഹചര്യമാണുണ്ടായത്. മൊത്തക്കച്ചവടക്കാർ രണ്ട് ദിവസത്തിനുള്ളിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്നും പറയുന്നു. മഴ ശക്തമായതോടെ സ്‌കൂളിലും കോളേജിലും സ്വകാര്യ സ്ഥാപനങ്ങളിലടക്കം പൂക്കളങ്ങൾ ഉപേക്ഷിച്ചു പലരും. വെള്ള ജമന്തിക്ക് 500 രൂപ വരെയെത്തിയിട്ടുണ്ട്. ചെണ്ടു മല്ലി 250, അരളി 250 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില. അതേ സമയം വാടാർ മല്ലിയുടെ വില തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞു.
ഓണം പെരുവഴിയിലാകുമോ...
തൃശൂർ: രണ്ട് ദിവസം വെയിൽ കിട്ടിയിട്ടും ദേശീയപാതയിലെ കുഴികൾ മൂടാൻ വേണ്ട വിധത്തിൽ ടാറിംഗ് നടത്താത്ത ടോൾ കമ്പനിയുടെ നടപടിക്കെതിരെ വീണ്ടും പ്രതിഷേധം. സർവീസ് റോഡുകൾ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുക മാത്രമാണ് കുരുക്കഴിക്കാനുള്ള ഏക മാർഗം. ഇതിനുള്ള അവസരം രണ്ട് ദിവസമുണ്ടായിട്ടും അവിടെയും ഇവിടെയും ടാറിംഗ് നടത്തി കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് കരാർ കമ്പനി ചെയ്തതെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യക്തമാക്കി.
കളക്ടർ അർജുൻ പാണ്ഡ്യൻ കുരുക്ക് നേരിട്ട് അനുഭവിച്ചതോടെയാണ് വീണ്ടും ചർച്ചയായിരിക്കുന്നത്. കഴിഞ്ഞദിവസം ദേശീയപാതയിലെ കുരുക്കിൽ കളക്ടറും ഉദ്യോഗസ്ഥ സംഘവും കുരുങ്ങിയിരുന്നു. അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ സർവീസ് റോഡുകൾ മുഴുവൻ തകർന്ന നിലയിലാണ്. മഴ കൂടി പെയ്തതോടെ കുഴികൾ കൂടി. ഇതോടെ വാഹനങ്ങൾക്ക് സുഗമമായി പോകാനാകുന്നില്ല. ഇതിനിടെ ഇടയ്ക്ക് പാറപ്പൊടിയും മെറ്റലും കൊണ്ടിട്ട് കുഴികൾ മൂടാൻ ശ്രമിച്ചതും കൂടുതൽ പ്രതിസന്ധിയുണ്ടാക്കി. ഓണക്കാലമായതോടെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ കുരുക്ക് മുറുകുമെന്നതിൽ സംശയമില്ല. ഇതിന് എന്താണ് പരിഹാരമെന്ന് ദേശീയപാത അതോറിറ്റിക്കും മറുപടിയില്ല. വാഹനങ്ങൾ തിരിച്ചുവിട്ട് കുരുക്ക് പരിഹരിക്കാനുള്ള ശ്രമങ്ങളും പാളുകയാണ്.
വലിയ തകർച്ചയാണ് രണ്ട് ദിവസത്തിനുള്ളിൽ സംഭവിച്ചത്. ഇനി ഇതിൽ നിന്ന് കരകയറാനുള്ള സാദ്ധ്യത കുറവാണ്. ചെറുകിട കച്ചവടക്കാർ പിൻവലിഞ്ഞു.
ജഗജീവൻ യവനിക,
ജില്ലാ പ്രസിഡന്റ്
ഓൾ കേരള ഫ്‌ളവർ മർച്ചന്റ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |