മനുഷ്യാവകാശങ്ങൾ പോലെ മൃഗങ്ങളുടെ അവകാശങ്ങളും ശക്തമാണ്. അവയെ നുള്ളിനോവിക്കുന്നത് നിയമനടപടികൾക്ക് വഴിവച്ചേക്കും. ഉത്സവാഘോഷങ്ങൾക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നതിന് പോലും കർശന നിയന്ത്രണങ്ങളുണ്ട്. സിനിമയിലും സർക്കസിലും മൃഗങ്ങളെ വേദനിപ്പിക്കുന്ന നടപടികൾക്ക് വിലക്കുമുണ്ട്. ഇതെല്ലാം ഒരു വശത്ത് നിലനിൽക്കേയാണ് പ്രതിഷേധ സമരങ്ങൾക്ക് മൃഗങ്ങളെ തെരുവിലിറക്കുന്ന നമ്പറുകളുമായി രാഷ്ട്രീയ കക്ഷികൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് തീക്കളിയാകുമെന്നതിന്റെ ഉദാഹരണമാണ്, പാലക്കാട് കോഴികളുമായി പ്രകടനം നടത്തിയവർ കേസിൽപ്പെട്ട സംഭവം.
ചരിത്രാഖ്യായികകളിൽ നിന്ന് ബിഗ് ബഡ്ജറ്റ് സിനിമകൾ പിറക്കാറുണ്ട്. ത്രില്ലിംഗ് യുദ്ധരംഗങ്ങളാകും ഇതിന്റെ സവിശേഷത. പെർഫെക്ഷനു വേണ്ടി പടക്കുതിരകളെ ബലിയാടാക്കുന്ന രീതി മുമ്പുണ്ടായിരുന്നു. അമ്പുകൊണ്ടും കടിഞ്ഞാൺ വലിഞ്ഞു മുറുകിയും മറ്റും കുതിരകൾ പിടന്നുവീഴുന്ന രംഗങ്ങൾക്കണ്ട് പ്രേക്ഷകർ കൈയടിച്ചു, ചിലർ മൂക്കത്ത് വിരൽ വച്ചു. കാളപ്പോരും കോഴിപ്പോരും പ്രമേയമാക്കിയ സിനിമകളുണ്ടായി. എന്നാൽ ഒറിജിനൽ മൃഗങ്ങളെ ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നതിനും കഷ്ടപ്പെടുത്തുന്നതിനുമെതിരേ കോടതി വിധികൾ വന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം കർശനമാക്കി. സിനിമാ ചിത്രീകരണത്തിനിടെ ഓന്തിനേയോ പല്ലിയെയോ പോലും നോവിച്ചിട്ടില്ലെന്ന അറിയിപ്പ് വേണമെന്നായി. സിനിമയിൽ മാത്രമല്ല, സർക്കസുകളിലും മൃഗങ്ങളെ സ്വതന്ത്രരാക്കി. കാളയോട്ടം പോലുള്ള റിയൽ സംഭവങ്ങൾക്കും നിയന്ത്രണം വന്നു. പട്ടിയെ കെട്ടി വലിച്ചവരും പാമ്പിനെ അടിച്ചവരും അണ്ണാനെ എറിഞ്ഞിട്ടവരും കീരിയെ തിന്നവരുമെല്ലാം വിവരമറിഞ്ഞു.
മനുഷ്യരല്ലാത്ത ജീവികളെന്തും 'മൃഗ"ത്തിന്റെ നിർവചനത്തിൽ വരുമെന്നാണ് കേന്ദ്ര നിയമത്തിൽ പറയുന്നത്. ഇങ്ങനെ മൃഗങ്ങളുടെ അവകാശമാണോ മനുഷ്യരുടെ അവകാശമാണോ വലുതെന്ന ചോദ്യം ഉയരുന്നതിനിടെയാണ് കേരളത്തിൽ കോഴികളേയും കാളയേയും പ്രദർശിപ്പിച്ചു കൊണ്ട് സമരമുറകൾ അരങ്ങേറിയത്. ലൈംഗികാപവാദ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ കോഴികളുമായി നടത്തിയ പ്രകടനമാണ് വിവാദമായത്. കോഴികളെ കെട്ടിത്തൂക്കിയും മറ്റുമാണ് എത്തിച്ചത്. ഒരു കോഴി ചത്തതോടെ കേസായി. ഉത്തരവാദികൾ ഇനി കേസുമായി നടക്കേണ്ട സ്ഥിതിയാണ്. യുവമോർച്ചക്കാർ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കാളയുമായി നടത്തിയ പ്രകടനവും രാഷട്രീയ വിവാദമായി. കാളയെ ബി.ജെ.പി ഓഫീസിൽ കെട്ടിയിടേണ്ടി വരുമെന്ന് വി.ഡി.സതീശൻ മുന്നറിയിപ്പു നൽകി. തൊട്ടുപിന്നാലെ ബി.ജെ.പി നേതാവ് സി. കൃഷ്ണ കുമാറിനെതിരായ ലൈംഗികാപവാദക്കേസ് പൊന്തി വന്നു. സമരങ്ങൾ ഇനിയുമുണ്ടാകുമെന്ന് വ്യക്തം. ഇതിന് കരുവാക്കാനുള്ളതാണോ കാളയും കോഴികളും എന്നതാണ് പ്രസക്തമായ ചോദ്യം.
നിയമം ശക്തം
മൃഗങ്ങളോടുളള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ ശക്തമാണ്. അതുകൊണ്ടാണ് ബാഹുബലി സിനിമയിൽ ഗ്രാഫിക്‌സ് കാളയുമായുളള ഫൈറ്റ് നമുക്ക് കാണേണ്ടി വന്നത്. തെരുവുനായ് പ്രശ്നത്തിലും പ്രതിസന്ധികളുണ്ടായി. നായ്ക്കളെ പിടികൂടി പ്രത്യേക ഷെൽട്ടറുകളിൽ അടയ്ക്കണമെന്നു പറഞ്ഞ കോടതികൾക്ക് നിലപാട് മാറ്റേണ്ടിവന്നു. ഇവറ്റകളെ വന്ധ്യംകരിച്ച് തിരിച്ചുവിട്ടാൽ മതിയെന്നായി. അക്രമാസക്തരും ഗുരുതര രോഗബാധിതരുമായ നായ്ക്കൾക്ക് ദയാവധം പ്രഖ്യാപിച്ചു, കേരള സർക്കാർ. അതും നിയമപ്രശ്നങ്ങളിൽ കുരുങ്ങി.
1960ലാണ് ഇതിനെല്ലാം കാരണമായ നിയമം ഉണ്ടായത്. 'പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു ആനിമൽസ് ആക്ട് ". തുടർന്ന് കേന്ദ്ര സർക്കാർ മൃഗക്ഷേമ ബോർഡ് രൂപീകരിച്ച് വ്യവസ്ഥകൾ കർശനമാക്കി.
മൃഗങ്ങളെ ഉപയോഗിച്ചുള്ള സമരങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതയുടെ ഗണത്തിൽപ്പെട്ടാൽ ശിക്ഷ ലഭിക്കും. സമരത്തിൽ മൃഗങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് നിയമനടപടികൾ വരുന്നത്. സെക്ഷൻ 11 പ്രകാരം മൃഗങ്ങൾക്ക് അനാവശ്യമായ വേദനയോ കഷ്ടപ്പാടോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും കുറ്റകരമാണ്. ഇത്തരത്തിൽ കണ്ടാൽ ഏതൊരാൾക്കും അടുത്ത പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാം. പിഴയോ മൂന്നുമാസം വരെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയതോ ആയ ശിക്ഷയാണ് ഇപ്പോഴുള്ളത്. അനധികൃത കശാപ്പിന് 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിധം നിയമ ഭേദഗതികൾ ഒരുങ്ങുകയാണ്.
മൃഗങ്ങളെക്കൊണ്ട് അമിതമായി ജോലി ചെയ്യിപ്പിക്കുക, അവയുടെ പ്രായത്തിനോ ആരോഗ്യത്തിനോ ചേരാത്ത രീതിയിൽ ഉപയോഗിക്കുക. അനാരോഗ്യകരമായ സാഹചര്യങ്ങളിൽ തളച്ചിടുക, മതിയായ തീറ്റയോ വെള്ളമോ വിശ്രമമോ നൽകാതിരിക്കുക, അമിതമായി ഭാരം കയറ്റുക, ഉപദ്രവിക്കുക, വേദനിപ്പിക്കുക തുടങ്ങിയ പ്രവൃത്തികൾ കുറ്റകരമാണ്. ഇത്തരം സന്ദർഭങ്ങളിൽ അതിന് ഉത്തരവാദിയായ ആൾക്ക് തടവും പിഴയും ലഭിക്കാം.
മൃഗങ്ങളെ വിട്ടേക്കണം
കേരളത്തിൽ ഇപ്പോൾ മൂന്ന് മുന്നണികളുടെ ശക്തമാണ്. രണ്ടു തിരഞ്ഞെടുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും, അടുത്തടുത്ത് വരാനിരിക്കുകയാണ്. അപവാദങ്ങൾ ഏതു വിധത്തിലും തരംതാഴുമെന്നതിന്റെ സാമ്പിളുകൾ വന്നുകഴിഞ്ഞു. ശത്രുവിനെതിരെ ഏതെങ്കിലും അണിയറക്കഥകൾ കണ്ടെത്താൻ രാഷ്ട്രീയ ഇന്റലിജൻസ് വൃത്തങ്ങൾ അഹോരാത്രം പണിയെടുക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും പലതരം സമരവേലിയേറ്റങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഉരുണ്ടുകൂടികയാണ്. അപ്പോൾ അതിലെല്ലാം പക്ഷിമൃഗാദികളെ വെറുതേ വിട്ടേക്കണം. തെളിവുകൾ സി.സി.ടിവിയിലും മാദ്ധ്യമങ്ങളിലും ഉണ്ടാകുമല്ലോ. ചോദിക്കാനും പറയാനും മുമ്പെല്ലാം ഒരു മേനകാ ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മൃഗങ്ങൾക്കായി വാദിക്കാനും കുത്തിപ്പൊക്കി കേസാക്കാനും ഇന്ന് പലരുമുണ്ടെന്നും ഓർമ്മിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |