മൂന്നാർ: മൂന്നാറിലെ ക്ഷേത്രങ്ങളിലെ മോഷണം നടത്തിയ പ്രതികൾ മൂന്നാർ പൊലീസിന്റെ പിടിയിലായി.ഏതാനും ദിവസങ്ങൾ മുമ്പാണ് മൂന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുണ്ടള തിരുമുരുകൻ ക്ഷേത്രത്തിലും ദേവികുളം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അരുവിക്കാട് മാരിയമ്മൻ ക്ഷേത്രത്തിലും മോഷണങ്ങൾ നടന്നത്. ക്ഷേത്രങ്ങളിലെ ഭണ്ടാരങ്ങൾ കുത്തിപൊളിച്ച് പണവും ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തിൽ ഉണ്ടായിരുന്ന സ്വർണ്ണവും പ്രതികൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷണം നടത്തിയത് മൂന്നാർ സാൻഡോസ് നഗർ സ്വദേശി ഗൗതവും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണെന്ന് കണ്ടെത്തിയത്. തുടർന്ന് മൂന്നാർ എസ് എച്ച് ഒ ബിനോദ്കുമാർ ജെയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടുകയായിരുന്നു. ഗൗതമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതികൾ അപഹരിച്ച സ്വർണ്ണവും കണ്ടെത്തി.പിടിയിലായ ഗൗതം മുമ്പ് മൂന്നാർ ന്യൂ നഗറിലെ ക്ഷേത്രത്തിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തി പിടിയിലായിട്ടുണ്ട്. മോഷ്ടിച്ച പണം പ്രതികൾ ചിലവഴിച്ചെന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ഗൗതമിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |