കണ്ണൂർ: പയ്യന്നൂർ വെള്ളൂരിലെ തെങ്ങുകയറ്റ തൊഴിലാളി ടി.വി.പുരുഷോത്തമന് (61) യാത്രകളാണ് ഹരം. തൊഴിൽ ഇല്ലാത്ത ദിവസങ്ങളിൽ അവധി കണക്കാക്കി ട്രെയിനിൽ യാത്ര തുടങ്ങി. ഇന്ന് ചിട്ടിപിടിച്ച് സ്വരൂപിക്കുന്ന തുകകൊണ്ട് നാല് രാജ്യങ്ങൾ സന്ദർശിച്ച്, അടുത്ത വിദേശ സന്ദർശനത്തിനൊരുങ്ങുകയാണ് ഇദ്ദേഹം.
തെങ്ങിന്റെ മുകളിൽ നിന്നു കാണുന്ന കാഴ്ചകളാണ് പുരുഷോത്തമനിൽ ലോകം ചുറ്റിക്കാണാനുള്ള മോഹം ജനിപ്പിച്ചത്. ''എല്ലാം കണ്ടുതന്നെ അറിയണം. നേരിട്ട് കാണുന്നതും പറഞ്ഞറിയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നതിൽ വലിയ രസമില്ല. കണ്ണുകൾ കൊണ്ട് കാണണം"". പുരുഷോത്തമൻ പറയുന്നു.
വിയറ്റ്നാമിലേക്കാണ് അടുത്ത യാത്ര. തെങ്ങുകയറ്റത്തിലൂടെ ലഭിക്കുന്ന കൂലിയും പാട്ടത്തിന് എടുത്ത തെങ്ങിൻ തോട്ടങ്ങളിൽ നിന്ന് കല്യാണത്തിന് ആവശ്യമായ പൂക്കുല, ഇളനീർ എന്നിവ നൽകിയും കിട്ടുന്ന തുകയാണ് വരുമാനമാർഗം. പ്രാദേശിക സംഘടനകളും തറവാട്ടുകാരും നടത്തുന്ന ചിട്ടികളിൽ ചേർന്നാണ് യാത്രയ്ക്കായി പണം ശേഖരിക്കുന്നത്. യാത്ര ലക്ഷ്യമിട്ട് ചിട്ടിക്കുചേരും. ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ ചിട്ടിപിടിക്കും.
ആദ്യ യാത്രയിൽ കൂട്ടായി ഭാര്യയും
ശബരിമല, കൊല്ലൂർ, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് പുരുഷോത്തമൻ സ്ഥിരം യാത്ര ചെയ്യാറുണ്ട്. ബീഡി തൊഴിലാളിയായ ഭാര്യ സരോജിനിയോട് ആദ്യമായി ഗൾഫിലേക്ക് യാത്ര പോകാമെന്ന് പറഞ്ഞപ്പോൾ അവർ അമ്പരന്നു. നിർബന്ധിച്ച് ആദ്യ ഗൾഫ് യാത്രയിൽ ഭാര്യയെയും ഒപ്പം കൂട്ടി. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. മറ്റ് യാത്രക്കളൊക്കെ ഒറ്റയ്ക്കായിരുന്നു. ഗുജറാത്തിൽ മെക്കാനിക്കൽ എൻജിനിയറായ മകൻ ഹരികൃഷ്ണനും ഇലക്ട്രോണിക്സ് എം.എസ്‌സി ബിരുദധാരിയായ മകൾ കൃഷ്ണവേണിയും പിതാവിന്റെ നാടുചുറ്റലിന് പൂർണ പിന്തുണ നൽകുന്നു. ഫ്രാൻസ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ സന്ദർശിക്കാനും പദ്ധതിയുണ്ട്.
സഞ്ചരിച്ച രാജ്യങ്ങൾ
ദുബായ്
അബുദാബി
സിംഗപ്പൂർ
മലേഷ്യ
ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനവും മാറിയാൽ രാജ്യത്ത് വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ സാദ്ധ്യതകളുണ്ട്. യാത്രയുടെ ഫോട്ടോകളൊന്നും കാര്യമായി സൂക്ഷിച്ചിട്ടില്ല. എല്ലാം മനസിലാണ്.
- ടി.വി.പുരുഷോത്തമൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |