കോഴിക്കോട്: സാമ്പത്തികത്തർക്കത്തെ തുടർന്ന് നടക്കാവിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലിലെ മലമുകളിൽ പൊലീസ് കണ്ടെത്തി. വയനാട് ബത്തേരി സ്വദേശി റഹീസിനെയാണ് (23) തട്ടികൊണ്ടുപോയത്. സംഘത്തിലെ യുവതി അടക്കം ഒൻപതുപേരും അവിടെനിന്ന് പിടിയിലായി.
അറസ്റ്റിലായ യുവതി പടിഞ്ഞാറേത്തറ സ്വദേശി അരപ്പറ്റകുന്ന് വീട്ടിൽ ഷഹാന ഷെറിനാണ് (20) റഹീസിനെ വിളിച്ചുവരുത്തിയത്. ഇരുവരും സൗഹൃദത്തിലായിരുന്നു.
സുൽത്താൻ ബത്തേരി സ്വദേശികളായ മരുതോലിൽ വീട്ടിൽ അഭിരാം (21), വിഷ്ണു നിവാസിൽ ജിഷ്ണു (24), പുളിക്കൽ വീട്ടിൽ അബു താഹിർ (24), തെങ്ങാനി വീട്ടിൽ മുഹമ്മദ് അർസെൽ (21), പാലത്തി വീട്ടിൽ മുഹമ്മദ് സിനാൻ (22 ), വടക്കേ കാഞ്ഞിരത്തിൽ അരവിന്ദ് (19) മടപ്പള്ളി വീട്ടിൽ ജുനൈസ് (21), മലപ്പുറം പന്നിപ്പാറ സ്വദേശി പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ മുഫ്തിയാസ് (34) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ.
നടക്കാവ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടി ഉൾപ്പെടെയുള്ളവർക്ക് റഹീസ് പണം നൽകാനുണ്ടായിരുന്നുവെന്നും പണം വീണ്ടെടുക്കാൻ തട്ടിക്കൊണ്ടുപോയതാണെന്നും സൂചന.
നടക്കാവ് ജവഹർ നഗർ കോളനിയിൽ നിന്ന് കാർ ഉൾപ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവാവിന്റെ ബഹളം കേട്ട പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്.
സി.സി.ടി.വി പരിശോധനയിൽ ഇന്നോവയിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായി. വാഹന നമ്പറും കടന്നു പോയ സ്ഥലങ്ങളിലെ സി.സി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നാല്പത്തിയഞ്ച് കിലോ മീറ്ററോളം അകലെ കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റഹീസിനെ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |