മലപ്പുറം: അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നതിനുള്ള പ്രാഥമിക പരിശോധനയായ വെറ്റ് മൗണ്ടിംഗ് ടെസ്റ്റ് എല്ലാ മെഡിക്കൽ കോളജുകളിലും ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ടി.വി.ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബിൽ മാത്രമാണ് പരിശോധനയെന്നും ഇതുമൂലം രോഗം സ്ഥിരീകരിക്കാനും ചികിത്സയാരംഭിക്കാനും കാലതാമസം വരുന്നുണ്ടെന്നുമുള്ള ആശങ്കയാണ് എം.എൽ.എ വികസന സമിതി യോഗത്തിൽ ഉന്നയിച്ചത്. വെറ്റ് മൗണ്ടിംഗ് ടെസ്റ്റ് മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ലഭ്യമാണ്. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കാനാവും. അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള മരുന്ന് ജില്ലയിൽ ലഭ്യമാണ്. ജലാശയങ്ങൾ ശുചീകരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങൾ വഴിയും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും പൊതുജനങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണം നടത്തുന്നുണ്ടെന്നും ഡെപ്യൂട്ടി ഡി.എം.ഒ വിശദീകരിച്ചു.
കരിപ്പൂർ വിമാനത്താവളത്തിന് വേണ്ടി ഭൂമി ഏറ്റെടുത്തതിന്റെ ഭാഗമായി മൂന്ന് വീടുകളിലേക്കുള്ള വഴി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും പി.പി സുനീർ എം.പി ആവശ്യപ്പെട്ടു. വഴി നഷ്ടപ്പെടുന്ന വീടുകൾ ഉൾപ്പെടുന്ന സ്ഥലം വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കാനുള്ള ഭൂമിയുടെ പരിധിയിലാണെന്നും ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുമെന്നും ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു.
ഭൂമി തരം മാറ്റ അപേക്ഷകൾ അദാലത്ത് നടത്തി തീർപ്പാക്കണമെന്ന് പി. ഉബൈദുള്ള എം.എൽ.എ ആവശ്യപ്പെട്ടു. മച്ചിങ്ങൽ ബൈപാസിൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് രൂപപ്പെട്ട കുഴി അടയ്ക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും പി. ഉബൈദുള്ള എം.എൽ.എ പറഞ്ഞു.
കോഴിക്കോട്, പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയിൽ കൊണ്ടോട്ടി മണ്ഡലത്തിലെ വാഴയൂർ പഞ്ചായത്ത്, ചീക്കോട് പഞ്ചായത്തിലെ ഇരുപ്പൻതൊടി എന്നിവ എൻട്രി പോയിന്റിൽ ഉൾപ്പെടുത്തണമെന്ന് ടി.വി.ഇബ്രാഹിം എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള ഏക എൻട്രി പോയിന്റാണ് ഇരുപ്പൻതൊടിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഇത് യാതൊരു കാരണവശാലും എടുത്തുകളയുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യരുതെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ വികസന കമ്മിഷണർ ദിലീപ് കൈനിക്കര, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, എ.ഡി.എം എൻ.എം മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി ജോസഫ് തുടങ്ങിയവർ ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |