പാലക്കാട്: സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ജലമാണ് ജീവൻ' കാമ്പയിൻ ജില്ലയിൽ ഊർജിതമായി നടക്കുന്നു. കാമ്പയിനിന്റെ ആദ്യഘട്ടത്തിൽ മാത്രം 1,79,860 സ്വകാര്യ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു.
ആഗസ്റ്റ് 30, 31 തീയതികളിലായി നടന്ന കാമ്പയിൻ പ്രവർത്തനങ്ങൾ മന്ത്രി എം.ബി.രാജേഷ് തിരുമിറ്റക്കോട് പഞ്ചായത്തിലെ അറങ്ങോട്ടുകരയിൽ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ സ്വകാര്യ കിണറുകൾക്ക് പുറമേ, 1,357 പൊതുസ്ഥാപനങ്ങളിലെ കിണറുകളും 4,569 പൊതുകിണറുകളും ക്ലോറിനേറ്റ് ചെയ്തു. അതോടൊപ്പം, 1,07,034 വാട്ടർ ടാങ്കുകളും ശുചീകരിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം പോലുള്ള മാരകരോഗങ്ങൾ തടയുന്നതിനായാണ് കിണറുകളിൽ ക്ലോറിനേഷൻ നടത്തിയത്.
വിപുലമായ ബോധവത്ക്കരണവും ജലപരിശോധനയും കാമ്പയിന്റെ ഭാഗമായി നടക്കും. ഈ മാസം 8 മുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ വഴി ബോധവത്കരണം സംഘടിപ്പിക്കും. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളോട് ചേർന്ന് ഹരിതകേരളം മിഷൻ ഒരുക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം ഉപയോഗിച്ച് ജലപരിശോധന നടത്തും. ഇതിന്റെ ഫലത്തെ അടിസ്ഥാനമാക്കി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.
20 മുതൽ നവംബർ 1 വരെ എല്ലാ പൊതു ജലസ്രോതസുകളും ശുചീകരിക്കാനും മാലിന്യമുക്തമാക്കാനും പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടപ്പാക്കുന്നത്. ക്ലോറിനേഷൻ നടന്നതുമായി ബന്ധപ്പെട്ട വിശദമായ കണക്കെടുപ്പ് അടുത്ത മാസം ആദ്യത്തോടെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |