കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 78,440 രൂപയായി. ഗ്രാമിന് 9805 രൂപയാണ് ഇന്നത്തെ വില. എന്നാൽ പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത് 85,000 രൂപയോളം ഒരു പവൻ വാങ്ങാൻ നൽകേണ്ടേിവന്നേക്കും.
ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം കടുത്തതോടെയാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് പണമൊഴുക്ക് ശക്തമാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,500 ഡോളർ കവിഞ്ഞു.
കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 160 രൂപ ഉയർന്ന് 77,800 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില തുടർച്ചയായി ഉയരുകയാണ്. ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 34 ശതമാനം വർദ്ധനയാണുണ്ടായത്.
സെപ്തംബറിൽ ഫെഡറൽ റിസർവ് സാമ്പത്തിക മാന്ദ്യം തരണം ചെയ്യാൻ പലിശ നിരക്ക് കുത്തനെ കുറയ്ക്കുമെന്ന പ്രവചനങ്ങളാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഉത്സവ കാലയളവ് അടുത്തതോടെ ഇന്ത്യയിൽ സ്വർണ ഉപഭോഗം കൂടുന്ന സമയത്തെ വിലക്കയറ്റം ജുവലറികൾക്ക് കനത്ത തിരിച്ചടി സൃഷ്‌ടിക്കുകയാണ്. ദീപാവലിയോടെ പവൻ വില വില 80,000 രൂപയിലെത്തുമെന്നാണ് വിലയിരുത്തുന്നത്.
വിലക്കുതിപ്പിന് പിന്നിൽ
1. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം നിക്ഷേപകരെ മുൾമുനയിലാക്കുന്നു.
2. സുരക്ഷിതത്വം തേടി വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങുന്നു.
3. അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയിൽ സ്വർണത്തിന് പ്രിയമേറുന്നു.
4. ഡോളർ ദുർബലമാകുന്നതിനാൽ ആഗോള കറൻസിയായി സ്വർണം മാറുന്നു.
ഗ്രാമിന്റെ വില പതിനായിരം കടന്നേക്കും
ആഗോള മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ശക്തമായതിനാൽ ഒക്ടോബറിൽ സ്വർണ വില ഗ്രാമിന് പതിനായിരം രൂപ കവിഞ്ഞേക്കും. പവൻ വില 80,000 രൂപയിലെത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
ഓഹരി വിപണിയിൽ തിരിച്ചടി
ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും സമ്മർദ്ദം ശക്തമാക്കുന്നു. ഇന്നലെ സെൻസെക്സ് 206 പോയിന്റ് ഇടിഞ്ഞ് 80.157ൽ അവസാനിച്ചു. നിഫ്‌റ്റി 4545 പോയിന്റ് കുറഞ്ഞ് 24,579ൽ എത്തി. അമേരിക്കൻ ബോണ്ടുകളുടെ വിൽപ്പനയിലെ ഇടിവാണ് പ്രധാന വെല്ലുവിളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |