വെഞ്ഞാറമൂട്: രണ്ട് പതിറ്റാണ്ട് മുമ്പുള്ള കണക്കനുസരിച്ച് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നാല്പത്തിയെട്ട് പൊലീസുകാരുടെ സേവനം വേണമെന്നായിരുന്നു നിർദ്ദേശം. വർഷം ഇത്രയും കഴിഞ്ഞു നിലവിൽ സ്റ്റേഷനിലുള്ളത് നാല്പത്തി മൂന്ന് പേരാണ്. പ്രദേശത്തെ ജനത്തിരക്കും ഗതാഗത കുരുക്കും തുടങ്ങി പൊലീസുകാർക്ക് പിടിപ്പത് പണിയായിട്ടും സ്റ്റേഷനിലെ ജീവനക്കാരുടെ എണ്ണം കൂട്ടാൻ നാളിതുവരെ യാതോരു നടപടിയും സ്വീകരിച്ചിട്ടില്ല. അറുപത് ജീവനക്കാരെങ്കിലും ഉണ്ടെങ്കിലെ നിലവിലെ സാഹചര്യത്തെ മറികടക്കാൻ കഴിയു എന്നാണ് ജീവനക്കാർ പറയുന്നത്. ഹോംഗാർഡുകളുടെ എണ്ണത്തിൽ കുറവുണ്ട്. സ്റ്റേഷനിൽ രണ്ട് ഡ്രൈവർമാർ വേണ്ടിടത്ത് ആരും ഇല്ലാത്തതിനാൽ ആ ജോലിയും ചെയ്യുന്നത് പൊലീസുകാർ തന്നെയാണ്.
ഗതാഗത കുരുക്കും
സംസ്ഥാന പാതയിൽ കേശവദാസപുരം മുതൽ കൊട്ടാരക്കര വരെയുള്ള പാതയിൽ ഏറ്റവും തിരക്കുള്ള നാല് റോഡുകൾ സന്ധിക്കുന്ന ഒരിടമാണ് വെഞ്ഞാറമൂട്. മേൽപ്പാലത്തിന്റെ നിർമ്മാണത്തിനൊപ്പം ഓണത്തിരക്കും ആരംഭിച്ചതോടെ നാലോളം പൊലീസുകാർ ഏറെ പാടുപെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അംഗങ്ങളുടെ കുറവ്കാരണം പ്രത്യേക സാഹചര്യങ്ങളിൽ ഇരട്ടി ഡ്യൂട്ടിചെയ്യേണ്ടിവരുന്നവരും ഉണ്ട്.
വീർപ്പുമുട്ടി ജീവനക്കാർ
ഇതിനിടയിൽ രാഷ്ട്രീയ സംഘടനങ്ങൾ,അക്രമങ്ങൾ,മോഷണം എന്നിവ കൂടിയാകുമ്പോൾ സമീപ സ്റ്റേഷനുകളിൽ നിന്നും പൊലീസുകാരെ വിളിക്കേണ്ടി വരും. വിശാല പരിധിയിലുള്ള സ്റ്റേഷനായതുകൊണ്ട് രാത്രികാല പട്രോളിംഗിനും എല്ലായിടത്തും എത്തിപ്പെടാൻ കഴിയാറുമില്ല.
ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ച് വൊഞ്ഞാറാമൂട് സ്റ്റേഷനിലെ പൊലീസുകാർ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണണംമെന്നാണ് പൊതുവായ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |