തിരുവനന്തപുരം: എൻ.എച്ച് 66ൽ കോവളത്ത് നിന്നും കാരോട് വരെയുള്ള പാത തുറന്നിട്ട് ഇതുവരെ 27 അപകട മരണം. സാരമായി പരിക്കേറ്റവർ നൂറിലേറെ പേർ. ആറു മാസത്തിനിടെ അപകടത്തിൽപ്പെട്ട് പത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കോവളം-കാരോട് പാതയിൽ അപകടമില്ലാത്ത ദിവസങ്ങൾ കുറവാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. ചില ഭാഗങ്ങളിൽ വലിയ ഉയരത്തിലും താഴ്ചയിലുമാണ് ഇവിടെ സർവീസ് റോഡുകൾ കടന്നുപോകുന്നത്. ഇരുട്ടാകുമ്പോഴേക്കും റോഡിന്റെ അരിക് വ്യക്തമായി കാണാനാകില്ല. ഏതാനും കുറച്ച് ദൂരം മാത്രമാണ് തെരുവ് വിളക്കുകളുള്ളത്. അപകടമുണ്ടാവാൻ മറ്റു കാരണങ്ങളൊന്നും തന്നെ വേണ്ട.
അധികൃതർ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല
പയറുംമൂടിലും പോറോട് ഭാഗത്തുമാണ് അപകടങ്ങൾ കൂടുതൽ സംഭവിക്കുന്നത്. കോവളം പോറോഡ് പാലത്തോട് ചേർന്ന് സർവീസ് റോഡുകൾ നിർമ്മിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല, പാലം പണി ആരംഭിച്ചപ്പോൾ മുതൽ സർവീസ് റോഡ് ഇല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കോവളത്ത് നിന്നാരംഭിക്കുന്ന സർവീസ് റോഡും കല്ലുവെട്ടാൻ കുഴിയിൽ നിന്നുള്ള റോഡും പോറോഡിലാണ് അവസാനിക്കുന്നത്.
മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരുന്നു
പ്രധാനപാതയ്ക്ക് മാത്രമായാണ് ഇവിടെ പാലം നിർമ്മിച്ചിരിക്കുന്നത്.സർവീസ് റോഡ് ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നതിനായി നാട്ടുകാർ സ്ഥലം വിട്ടുനൽകിയിരുന്നതാണ്. പാലം പണി പൂർത്തിയായശേഷം പകുതി മാത്രമുള്ള സർവീസ് റോഡ് അടച്ചിരുന്നത് പ്രതിഷേധത്തിനിടയാക്കിയതോടെ ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് സർവീസ് റോഡിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കിയെങ്കിലും നടപടിയുണ്ടായില്ല.
അപകടസാദ്ധ്യത വർദ്ധിക്കുന്നു
പാലത്തിന് ഏകദേശം 200 മീറ്ററോളം നീളമുണ്ട്. ഇനി സർവീസ് റോഡ് പണിയണമെങ്കിൽ 20 മീറ്ററോളം ഉയരത്തിൽ പാലത്തിന് ഇരുവശത്തും സമാന്തരമായി രണ്ട് പാലങ്ങൾ നിർമ്മിക്കേണ്ട അവസ്ഥയാണ്.
സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ പ്രധാനപാതയിലേക്ക് കടക്കുമ്പോൾ അപകടസാദ്ധ്യത കൂടുന്നു.ഇവിടെ തെരുവ് വിളക്കുകളും സിഗ്നൽ ലൈറ്റുമില്ലാത്തതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |