പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപായോരത്തും മലയോര ഹൈവേയുടെ വശങ്ങളിലും അപകടകരമായി നിന്ന വൻമരങ്ങൾ മുറിച്ചെങ്കിലും തടികൾ പാതയോരത്തുനിന്ന് നീക്കം ചെയ്തില്ല. രണ്ട് വർഷം മുമ്പ് മുറിച്ചിട്ട കൂറ്റൻ തടികൾ കൂട്ടിയിട്ടത് റോഡ് അപഹരിച്ച് കാടുകയറിയ നിലയിലാണ്. മുൻകരുതലായി മുറിച്ചിട്ട മരങ്ങളുടെ കൂറ്റൻ തടികൾ അതിലും വലിയ അപകട ഭീഷണിയായിരിക്കുകയാണിപ്പോൾ.
മഴയിലും കാറ്റിലും പാതയോരത്ത് നിൽക്കുന്ന വൻ മരങ്ങൾ കടപുഴകി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് വെട്ടിനീക്കിയത്. എന്നാൽ മുറിച്ചിട്ട കൂറ്റൻ തടികൾ യഥാസമയം ലേലം ചെയ്ത് വിൽക്കാതെ വന്നതോടെയാണ് പാതയോരത്ത് അപകടക്കെണിയായത്. മാസങ്ങൾക്ക് മുമ്പ് മുറിച്ചവയും ഇത്തരത്തിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിലാണ്.
ദേശീയപാതയിൽ വിളക്കുടി മുതൽ ആര്യങ്കാവ് വരെയും മലയോര ഹൈവേയിൽ പത്തനാപുരം മുതൽ കുളത്തൂപ്പുഴവരെയും പാതയോരത്ത് നിരവധിയിടങ്ങളിൽ ഇത്തരത്തിൽ മുറിച്ചിട്ട തടികൾ കാട് കയറിക്കിടക്കുന്നത് കാണാം.
സാധാരണ പാതയോരങ്ങളിലെ മരങ്ങൾ മുറിച്ചുനീക്കുമ്പോൾ റവന്യൂ ഉദ്യോഗസ്ഥരെത്തി ലേലനടപികൾ സ്വീകരിക്കുന്നതാണ്. എന്നാൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ലേല നടപടികൾ സ്വീകരിക്കാത്തതിനാൽ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമാണ് വരുത്തിയിരിക്കുന്നത്.
പാതയോരത്തും വലിയ വളവുകളിലുമെല്ലാം ലോഡ് കണക്കിന് തടികളാണ് വെറുതെ കിടന്ന് നശിക്കുന്നത്. വിറക് വിലയ്ക്ക് വിറ്റഴിക്കാവുന്ന തടികളും ഇക്കൂട്ടത്തിലുണ്ട്. വർഷങ്ങളായി വെയിലും മഴയുമേറ്റ് കൂറ്റൻ തടികൾ ദ്രവിച്ച് തുടങ്ങിയിട്ടുമുണ്ട്. മരങ്ങൾ മുറിക്കുന്ന കരാറുകാർ തടി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിലല്ല മുറിച്ചിടുന്നതെന്നും ആക്ഷേപമുണ്ട്.
മുറിച്ചിട്ടിട്ടും അപകടം അരികെ
കൂറ്റൻ തടിക്കാടുകൾ വാഹനാപകടങ്ങൾക്ക് ഇടയാക്കും
ഗതാഗത തടസവും സൃഷ്ടിക്കുന്നു
കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട്
യഥാസമയം ലേല നടപടികൾ സ്വീകരിക്കുന്നില്ല
തടികൾ ദ്രവിച്ച് നശിക്കുന്നു
സർക്കാർ ഖജനാവിലെത്തേണ്ടത് കോടികൾ
പഴക്കം
2
വർഷത്തിലേറെ
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉടൻ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിച്ച് അടിയന്തര നടപടി സ്വീകരിക്കും.
പി.എസ്.സുപാൽ എം.എൽ.എ
മുറിച്ചിട്ട തടികൾ അടിയന്തരമായി ലേലം ചെയ്ത് പാതയോരത്തുനിന്ന് മാറ്റണം. ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |