ജീവിതത്തിൽ നേരിട്ടിട്ടുള്ള ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ബിഗ് ബോസ് മുൻ താരവും സോഷ്യൽ ആക്ടിവിസ്റ്റുമായ ദിയ സന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് തന്റെ കുടുംബ കാര്യങ്ങൾ ദിയ തുറന്നുപറഞ്ഞത്. ഒരുപാട് ലാളനകൾ കിട്ടിയാണ് താൻ വളർന്നതെന്നും എന്നാൽ പതിനാല് വർഷമായി കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടെന്നും അവർ പറഞ്ഞു.
'പതിനാല് വർഷമായി ഞാൻ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട്. കൊഞ്ചിച്ച്, ലാളിച്ചാണ് എന്നെ വളർത്തിയത്. എന്നിട്ടും വാപ്പയ്ക്ക് സമാനമായ ഒരാളിൽ നിന്ന് ദുരനുഭവമുണ്ടായി. ഉമ്മയുടെ കുടുംബക്കാരനാണ്. ഇക്കാര്യം വീട്ടിൽ പറഞ്ഞു. എന്നാൽ അങ്ങനെയൊന്നും പറയരുതെന്നും എല്ലാം എന്റെ തോന്നലാണെന്നുമായിരുന്നു എനിക്ക് കിട്ടിയ പ്രതികരണം. ഇതൊക്കെ എന്നെ ബാധിച്ചു. പ്രത്യേകിച്ച് അവരുടെ വീട്ടിൽ നിന്നുള്ള ഇടപെടൽ.
വിവാഹം കഴിഞ്ഞു. മകനായതിന് ശേഷം ഞാൻ അധികം എന്റെ വീട്ടിൽ നിന്നിട്ടില്ല. സാമൂഹ്യപ്രവർത്തനത്തിനായി ഇറങ്ങിയപ്പോൾ മോശക്കാരിയായി ചിത്രീകരിച്ചു. പിന്നീട് എന്റെ ഉമ്മയുടെ രണ്ട് അനുജത്തിമാരും എന്നോട് സഹകരിക്കാതായി.
സ്വന്തം അനുജത്തിയുടെ വിവാഹം എന്നെ വിളിക്കാൻ പോലും ബന്ധുക്കളിൽ ചിലർ സമ്മതിച്ചില്ല. തങ്ങൾ ഈ വിവാഹത്തിൽ സഹകരിക്കണമെങ്കിൽ ഞാൻ ആ വിവാഹത്തിൽ പങ്കെടുക്കരുതെന്ന് എന്റെ മൂത്തമാമ പറഞ്ഞത്രേ. ഉമ്മയ്ക്ക് അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ട്. ഞാനെന്തോ കൊലപാതകമോ മഹാ അപരാധമോ ചെയ്തപോലെയാണ് ഉമ്മയുടെ വീട്ടുകാരുടെ പെരുമാറ്റം.'- ദിയ സന വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |