മലപ്പുറം: പഞ്ചായത്ത് ഓഫീസ് പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം. മലപ്പുറത്ത് തുവ്വൂർ പഞ്ചായത്തിലാണ് സംഭവം. കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് ഭീകരാന്തരീക്ഷമുണ്ടാക്കിയത്. കെട്ടിട പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്ത് ഓഫീസിൽ ഇയാൾ അക്രമം നടത്തിയത്. ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു. ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ബലംപ്രയോഗിച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.
മജീദിന്റെ മാമ്പുഴയിലെ വാണിജ്യ കെട്ടിടത്തിന് അനുമതി നൽകാത്തതാണ് പ്രകോപനത്തിന് കാരണം. പ്രവാസിയായിരിക്കെ സമ്പാദിച്ച പണം മുഴുവൻ കെട്ടിടത്തിനായി ചെലവഴിച്ചതായി മജീദ് പറയുന്നു. കാഴ്‌ച പരിമിതിയുള്ള മകന്റെ ചികിത്സയ്ക്കുപോലും പണമില്ലെന്നും ഇയാൾ പറഞ്ഞു.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് മജീദ് കെട്ടിടത്തിന്റെ പെർമിറ്റിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. എന്നാൽ കെട്ടിട നിർമാണത്തിൽ പിഴവുകൾ ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. അപേക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മജീദിന് നോട്ടീസ് നൽകിയെന്നും മറുപടി ലഭിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |