കൊച്ചി: കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയെ കബളിപ്പിച്ച് 25 കോടി രൂപ തട്ടിയെടുത്ത കേസ് കൊച്ചി സിറ്റി സൈബർ സെല്ലിലെ പ്രത്യേകസംഘം അന്വേഷിക്കും. ഓൺലൈൻ നിക്ഷേപ തട്ടിപ്പ് പരാതിയിൽ ഇന്നലെ സൈബർ പൊലീസ് കേസെടുത്തു. രാജ്യത്ത് ഓൺലൈൻ സൈബർ നിക്ഷേപ തട്ടിപ്പിലൂടെ ഒരാളിൽ നിന്ന് നഷ്ടമാകുന്ന ഏറ്റവും വലിയ തുകയാണിത്.
ഡാനിയേൽ എന്നയാളെ പ്രതി ചേർത്താണ് കേസെടുത്തത്. 2023 മേയ് മുതൽ 2025 ആഗസ്റ്റ് 29 വരെ പല തവണയായാണ് ഇത്രയും തുക നഷ്ടമായത്. ‘കാപിറ്റലിക്സ്’ എന്ന വ്യാജ ട്രേഡിംഗ് സൈറ്റിന്റെയും ആപ്പിന്റെയും മറവിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മാസം നഷ്ടമായ 15 ലക്ഷത്തോളം രൂപ സൈബർ പൊലീസ് തിരിച്ചുപിടിച്ചിട്ടുണ്ട്. ഓഹരിവിപണിയിൽ സജീവമായി ഇടപെടുന്ന 49കാരനാണ് സൈബർ തട്ടിപ്പിന് ഇരയായത്. വാട്സ്ആപ്പ് വഴിയാണ് പ്രതികൾ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ടെലഗ്രാം വഴിയും സമ്പർക്കം പുലർത്തി. വിപണിമൂല്യമുള കമ്പനികളുടെ ഓഹരി ചെറിയ തുകയ്‌ക്ക് വാങ്ങിനൽകാമെന്നും വൻതുക ലാഭമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
ആദ്യഘട്ടത്തിൽ രണ്ട് കോടി നിക്ഷേപിച്ചപ്പോൾ നാല് കോടിയോളം രൂപ ലാഭമായി ലഭിച്ചതായി സംഘം പറഞ്ഞത് കമ്പനിയുടമ വിശ്വസിച്ചു. ഇതോടെ തട്ടിപ്പ് സംഘത്തിന്റ നിർദ്ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ അയച്ചു. ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടി തുകയാണ് അക്കൗണ്ടിൽ ലാഭമായി കാണിച്ചത്. നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജആപ്പാണെന്നു മനസിലായത്. തിരുവനന്തപുരം പൊലീസിനാണ് ആദ്യം പരാതി നൽകിയത്. പിന്നീട് കമ്പനിയുടമയുടെ ആവശ്യപ്രകാരം കൊച്ചി സിറ്റി പൊലീസിന് കേസ് കൈമാറി. ഇന്നലെ രാത്രി എഴിനാണ് കേസ് എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |