ലണ്ടൻ: സമൂഹത്തിന്റെ അടിത്തട്ടിലേക്ക് വേരുകൾ ആഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്ന കേരളാ കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ (കെസിഡബ്ള്യുഎ) ക്രൊയ്ഡനിലെ ആഷ്ക്രോഫ്റ്റ് തിയേറ്ററിൽ സംഘടിപ്പിച്ച "കേരളീയം 2025" അരശതാബ്ദത്തിന്റെ ആഘോഷം ചരിത്രത്തോട് നീതി പുലർത്തുന്നതായിരുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ ഉള്ളവരും അവരുടെ സ്വന്തം സംഘടനയുടെ ചരിത്രം ആഘോഷിക്കാൻ ഫെയർഫീൽഡ് ഹാളിൽ കുടുംബസമേതം എത്തിയിരുന്നു. നാട്ടിൽ നിന്നും പറന്നെത്തിയ പ്രിയപ്പെട്ട ഗായകൻ ജി വേണുഗോപാലും മകൻ അരവിന്ദും ഹൃദ്യമായ ഗാനങ്ങളിലൂടെ ആഘോഷങ്ങളെ മറക്കാനാവാത്തതാക്കി മാറ്റി. കെസിഡബ്ള്യുഎയുടെ സംഭാവനയിൽ ആദ്യം മനസിലേക്കെത്തുന്നത് അവരുടെ സ്വന്തം ഡാൻസ് സ്കൂളാണ്.
ആ ഡാൻസ് സ്കൂളിലെ ഏഴ് വയസുകാരിൽ തുടങ്ങി യുവാക്കളിലൂടെ മുതിർന്ന സ്ത്രീകളിലേക്ക് എത്തുമ്പോൾ അര നൂറ്റാണ്ടിന്റെ ചരിത്രവും വളർച്ചയും നമുക്ക് കാണാനാകും. ആഘോഷങ്ങളെ മാസ്മരികമായ ഒരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു ഈ നൃത്തങ്ങൾ. കെസിഡബ്ള്യുഎയുടെ മുദ്ര പതിഞ്ഞ നൃത്തങ്ങളായിരുന്നു അവ.
സംഘടനയുടെ രക്ഷാധികാരി മംഗളവദനന്റെയും പ്രസിഡന്റ് ഡി പവിത്രന്റെയും സെക്രട്ടറി ഷാ ഹരിദാസിന്റെയും മറ്റു നേതൃത്വത്തിന്റെയും പ്രഗൽഭമായ നിയന്ത്രണത്തിൽ നല്ല ഒഴുക്കോടെ നടന്ന പരിപാടി ഏഴ് മണിക്കൂർ കഴിഞ്ഞും ആസ്വാദ്യകരമായി ഗാനമേളയിലൂടെ തുടരുകയായിരുന്നു.
കെസിഡബ്ള്യുഎയുടെ 50 വർഷത്തെ ചരിത്രത്തിന് മുതൽക്കൂട്ടായി നിന്നവരെയും മറ്റു പൊതുരംഗത്തെ പ്രതിഭകളെയും അവാർഡുകൾ നൽകി ആദരിച്ചു. മേയർ ജെയ്സൺ പെറി, മലയാളി കൗൺസിലർമാരായ ഡോ മഞ്ജു ഷാഹുൽ ഹമീദ്, നിഖിൽ ഷെറിൻ തമ്പി തുടങ്ങിയവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കാനും അവാർഡുകൾ വിതരണം ചെയ്യാനും സദസ്യരെ അഭിസംബോധന ചെയ്യാനും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |