ആലുവ: റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് വിളിച്ച പൊലീസുകാരനെ അസഭ്യം വിളിച്ചത് എസ്.പിയുടെ റൈറ്ററായി ജോലി ചെയ്യുന്ന ഗ്രേഡ് എസ്.ഐ വി.ആർ. സുരേഷ് ആണെന്ന് സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന്റെ അന്വേഷണത്തിൽ സൂചന. രാത്രി ട്രാഫിക് ജോലിക്ക് സുരക്ഷാ ജാക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് എസ്.പി ഓഫീസിലേക്ക് വിളിച്ച കളമശേരി എ.ആർ ക്യാമ്പിലെ വിശാഖിന്റെ കോൾ അറ്റന്റ് ചെയ്തത് സീനിയർ സിവിൽ പൊലീസ് ഓഫീസറായ നിഷാദാണ്. എന്നാൽ, 'ഏത് തെണ്ടിയാണത്' എന്ന് ചോദിച്ചത് സമീപമുണ്ടായിരുന്ന സുരേഷ് ആണെന്നാണ് വിവരം. ഫോൺ വിളിച്ചത് റെക്കോഡ് ചെയ്ത് പുറത്തുവിട്ടതിന്റെ പേരിൽ വിശാഖിനെതിരെയും, അസഭ്യം പറഞ്ഞതിന് സുരേഷിനെതിരെയും നടപടിയുണ്ടാകാനാണ് സാദ്ധ്യത.
ഓണത്തിരക്കിന്റെ ഭാഗമായി എല്ലാ നഗരങ്ങളിലേക്കും ഗതാഗത നിയന്ത്രണത്തിനായി ക്യാമ്പിൽ നിന്ന് താത്കാലികമായി പൊലീസിനെ നിയോഗിക്കാറുണ്ട്. ഇത്തരത്തിൽ പെരുമ്പാവൂരിൽ ഡ്യൂട്ടിക്കെത്തിയ മൂന്ന് പൊലീസുകാരിൽ രണ്ട് പേർക്കു മാത്രമേ രാത്രി ഡ്യൂട്ടിക്ക് ജാക്കറ്റ് ലഭിച്ചുള്ളൂ. തനിക്ക് ജാക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് വിശാഖ് എസ്.പി ഓഫീസിലേക്ക് വിളിച്ചത്. ജാക്കറ്റ് വേണമെന്ന് വിശാഖൻ ആവശ്യപ്പെട്ടപ്പോൾ ' സ്.പി കൊണ്ടുവന്ന് തരണോ, അത് പെരുമ്പാവൂർ ട്രാഫിക്ക് സ്റ്റേഷനിലാണ് ചോദിക്കേണ്ടത്' എന്ന് കോൾ അറ്റന്റ് ചെയ്ത നിഷാദ് മറുപടി നൽകി. ഞങ്ങളുടെ അതോറിട്ടി എസ്.പിയാണല്ലോ, അതിനാലാണ് വിളിച്ചതെന്ന് പറഞ്ഞ് വിശാഖ് സംഭാഷണം തുടരുന്നതിനിടെയാണ് സുരേഷിന്റെ മോശം പരാമർശം. സോഷ്യൽ മീഡിയയിൽ ഇത് വൈറലായതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജോയി ചന്ദ്രനെ എസ്.പി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |