വി.ഐ.ടിയിൽ ഓണാഘോഷം
ചെന്നൈ: രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനം കേരളത്തിനാണെന്ന് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (വി.ഐ.ടി) സ്ഥാപകനും ചാൻസലറുമായ ജി. വിശ്വനാഥൻ പറഞ്ഞു.
ട്രാൻസ്‌പരൻസി ഇന്റർനാഷണലിന്റെ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ അഴിമതി 20 ശതമാനം മാത്രമാണ്. തമിഴ്‌നാട്ടിലിത് 62 ശതമാനമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനവും കേരളത്തിനാണെന്നും വി.ഐ.ടി വെല്ലൂർ കാംപസിൽ നടന്ന ഓണാഘോഷച്ചടങ്ങിൽ ജി. വിശ്വനാഥൻ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനമെന്ന നിലയിൽ കേരളം ചരിത്രം സൃഷ്‌ടിച്ചു. സാമൂഹിക പരിഷ്‌കരണത്തിലൂന്നിയുള്ള വൈക്കം സത്യാഗ്രഹത്തിൽ പെരിയാറിന്റെ സാന്നിദ്ധ്യവും അദ്ദേഹം അനുസ്മരിച്ചു. 24 വർഷം മുൻപ് വി.ഐ.ടി തുടങ്ങുമ്പോൾ കേരളത്തിലെ 180 വിദ്യാർത്ഥികളും 10 അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. നിലവിൽ മലയാളികളായ 4,160 വിദ്യാർത്ഥികളും 141 അദ്ധ്യാപകരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നടിയും ഗായികയുമായ രമ്യാ നമ്പീശൻ, എഴുത്തുകാരി പുഷ്പാ കുറുപ്പ് എന്നിവർ അതിഥികളായി . വി.ഐ.ടി വൈസ് പ്രസിഡന്റ് ശേഖർ വിശ്വനാഥൻ, വൈസ് ചാൻസലർ ഡോ. കാഞ്ചന ഭാസ്‌കരൻ, പ്രോ-വൈസ് ചാൻസലർ ഡോ. പാർത്ഥസാരഥി മല്ലിക്, രജിസ്ട്രാർ ഡോ. ജയഭാരതി, ഡീൻ ഡോ. നൈജു തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |