കോന്നി : അഭൂതപൂർവമായ ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി മാറിക്കൊണ്ടിരിക്കുന്ന കോന്നി കരിയാട്ടത്തിൽ ഇന്നും നാളെയും വിപുലമായ ഓണാഘോഷം നടക്കും. കോന്നിയുടെ രാവിനെ പകലാക്കി ഉത്സവത്തിമിർപ്പിൽ ആറാടിക്കുന്ന കരിയാട്ടിൽ അനുദിനം തിരക്ക് വർദ്ധിച്ചുവരികയാണ്. രാവിലെ തുടങ്ങുന്ന പ്രദർശന വിപണന മേള മുതൽ സായന്തനങ്ങളെ ആവേശത്തിൽ ആറാടിക്കുന്ന കലാസന്ധ്യയിൽ വരെ വലിയ തിരക്കാണ്. രണ്ട് ലക്ഷത്തിൽ അധികം ആളുകളാണ് ഇതുവരെ കരിയാട്ടത്തിന് എത്തിത്. എല്ലാ സ്റ്റാളുകളിലും പ്രതിദിനം മികച്ച വ്യാപാരം ലഭ്യമാകുന്നുണ്ട്. ഖാദി, കുടുംബശ്രീ ഉൽപന്നങ്ങൾക്കും, ചെറുകിട സംരംഭങ്ങളിലെ ഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. അമ്യൂസ്മെന്റ് പാർക്ക്, ഫാമിലി ഗയിം ഷോകൾ, പെറ്റ് ഷോ തുടങ്ങിയവയ്ക്കും വൻ സ്വീകാര്യതയാണ്.
ഇന്ന് നടക്കുന്ന ഓണാഘോഷ പരിപാടികൾ രാവിലെ ഒൻപതിന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് കലാസന്ധ്യയിൽ ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ നൃത്തം അരങ്ങേറും. നാളെ നടക്കുന്ന ഓണാഘോഷം രാവിലെ 11.30ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് ചലച്ചിത്രതാരം ഗിന്നസ് പക്രു നയിക്കുന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ നടക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, തദ്ദേശ വകുപ്പിന്റെയും ഫോക്ലോർ അക്കാദമിയുടെയും സഹകണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ജനപങ്കാളിത്വത്തിലും സംഘാടനത്തിലും കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായി കരിയാട്ടം മാറിക്കഴിഞ്ഞു. രണ്ടര ലക്ഷത്തോളം ആളുകൾ ഇതിനോടകം സ്റ്റാളുകൾ സന്ദർശിച്ചു. വരും ദിവസങ്ങളിൽ തിരക്ക് വലിയ തോതിൽ വർദ്ധിക്കുമെന്നാണ് കരുതുന്നത്.
അഡ്വ.കെ.യു.ജനീഷ് കുമാർ.എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |