യാത്രകൾ നടത്തുന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. പങ്കാളിയുമായും കുടുംബവുമായും ജോലി സംബന്ധമായ കാര്യങ്ങൾക്കൊക്കെ നാം യാത്ര ചെയ്യാറുണ്ട്. അതിൽ ദൂര യാത്രകൾക്ക് ഹോട്ടൽ മുറികളായിരിക്കും വിശ്രമത്തിനായി നമ്മൾ തിരഞ്ഞെടുക്കുക. ഹോട്ടൽ മുറികളിൽ ഒളിക്യാമറകൾ സ്ഥാപിച്ച് കൊണ്ട് സ്വകാര്യതയെ ലംഘിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. അതിനാൽ മുറിയെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇത്തരം പ്രവൃത്തികൾ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിന് പുറമെ നിയമപ്രകാരം ക്രിമിനൽ കുറ്റവുമാണ്. സ്വകാര്യത വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും നാഷണൽ കൗൺസിൽ ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി അംഗവും ഹോട്ടൽ വ്യവസായ വിദഗ്ധനുമായ രവീഷ് രഞ്ജൻ പറയുന്നു. ഹോട്ടൽ ബുക്ക് ചെയ്യുകയോ നേരിട്ട് മുറിയെടുക്കാനോ പോകുമ്പോൾ ആ പ്രോപ്പർട്ടി രജിസ്റ്റേർഡ് ആണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു. ശരിയായ രീതിയിൽ ഐഡി കാർഡ് പരിശോധിക്കാതെ റൂം നൽകുകയാണെങ്കിൽ അത് കൂടുതൽ ശ്രദ്ധിക്കണം. അത്തരത്തിലുള്ള ഹോട്ടലുകൾ പരാമവധി ഒഴിവാക്കുകയാണ് വേണ്ടത്.
നേരിട്ട് ഇടപാട് നടത്തുന്നതിന് പകരം ഓൺലൈൻ വഴിയോ കാർഡ് ഉപയോഗിച്ചോ പണം അടയ്ക്കുന്നതാണ് അഭികാമ്യം. ഇത് ഇടപാടിന്റെ വ്യക്തമായ രേഖ സൃഷ്ടിക്കുന്നതിന് പുറമെ പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് തെളിയിക്കാനും കഴിയും.
ഹോട്ടൽ ഉടമകളല്ല, മറിച്ച് ഒട്ടും പ്രൊഫഷണലല്ലാത്ത ജീവനക്കാരാണ് പലപ്പോഴും ഒളി ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് രഞ്ജൻ പറയുന്നു. ഹോട്ടൽ മുറിയിൽ പ്രവേശിച്ച ഉടനെ ലൈറ്റുകൾ മുഴുവൻ ഓഫ് ചെയ്ത ശേഷം നിങ്ങൾക്ക് ചുറ്റും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. മിന്നിമറയുന്ന ചെറിയ എൽഇഡി ലൈറ്റുകൾ ഉണ്ടെങ്കിൽ ഉറപ്പിച്ചോളു അവിടെ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
സ്വിച്ച്ബോർഡുകൾ, ഫോട്ടോ ഫ്രെയിം, ഫോൾസ് സീലിംഗ്, എൽഇഡി ബൾബ് ഹോൾഡർ. കിടക്കയ്ക്ക് സമീപമുള്ള മറ്റ് വസ്തുക്കൾ എന്നിവയിൽ ഒളി ക്യാമറകൾ ചിലപ്പോൾ മറച്ചു വയ്ക്കാൻ സാദ്ധ്യതയുണ്ട്. ടോയ്‌ലറ്റിലെ കണ്ണാടികളും സൂക്ഷ്മമായി പരിശോധിക്കണം.വിടവുകളോ മറ്റോ കണ്ടാൽ ഒളിക്യാമറയുടെ സൂചനയായിരിക്കാം. അധികമായി കാണുന്ന സോക്കറ്റുകളോ പ്ലഗുകളോ നിരീക്ഷണ ഉപകരണങ്ങൾ മറയ്ക്കാൻ സാദ്ധ്യതയുണ്ട്.
താമസിക്കുമ്പാേൾ മികച്ച ഹോട്ടലുകൾക്ക് മുൻഗണന നൽകണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കുറച്ച് പണം ലാഭിക്കാൻ വേണ്ടി ചീപ്പായ ഹോട്ടലുകൾ തിരഞ്ഞെടുത്ത് പിന്നീട് കാര്യമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. ജാഗ്രത പാലിച്ച് പരിശോധനകൾ നടത്തുകയും, സുരക്ഷയും സൗകര്യവും നിലനിർത്തി സഞ്ചാരികൾക്ക് തങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും അവരുടെ താമസം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |