പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചതു പോലെ, ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിലെ പുത്തൻ പരിഷ്‌കാരങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയിരിക്കുകയാണ്. സെപ്തംബർ 22 മുതൽ ജിഎസ്ടി സ്ലാബ് ഘടന മാറും. അഞ്ച് ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും രണ്ട് സ്ലാബുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ.
12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾ, ലഹരി വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്തും.
പുതുക്കിയ ജിഎസ്ടി ഘടനയിൽ, മിക്ക ദൈനംദിന ഭക്ഷണങ്ങളും പലചരക്ക് വസ്തുക്കളും അഞ്ച് ശതമാനം ജിഎസ്ടി സ്ലാബിൽ ഉൾപ്പെടും. ഇതോടെ ഇന്ത്യക്കാർ ഭക്ഷണത്തിന് വേണ്ടിമാറ്റിവച്ച ബഡ്ജറ്റ് കുറയും. മാത്രമല്ല, പുറത്തുപോയി കഴിക്കുന്ന ഭക്ഷണങ്ങൾക്കും വിലകുറയും. പുതിയ ജിഎസ്ടി ഘടന നിങ്ങളുടെ ഭക്ഷണ ബഡ്ജറ്റിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം?
ജിഎസ്ടി പരിഷ്‌കാരങ്ങൾ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വലിയ മാറ്റമുണ്ടാക്കും. അടുക്കള ബഡ്ജറ്റിന് ഇത് വലിയ ആശ്വാസമുണ്ടാക്കും. ഒരു കുടുംബത്തിന് ഏറ്റവും ആവശ്യമായ ഭക്ഷ്യഉത്പന്നമായ പാലിനെ നികുതിയിൽ നിന്ന് ഒഴിവാക്കി. കണ്ടൻസ്ഡ് മിൽക്ക്, വെണ്ണ, നെയ്യ്, പനീർ, ചീസ് എന്നിവ 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി. നേരത്തെ 18 ശതമാനം നികുതി ഉണ്ടായിരുന്ന പറാത്തകൾക്ക് ജിഎസ്ടി പൂജ്യത്തിലേക്ക് നീങ്ങി.
മാൾട്ട്, സ്റ്റാർച്ച്, പാസ്ത, കോൺഫ്‌ളേക്കുകൾ, ബിസ്‌കറ്റുകൾ, ചോക്ലേറ്റുകൾ, കൊക്കോ ഉൽപ്പന്നങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയും. ശുദ്ധീകരിച്ച പഞ്ചസാര, പഞ്ചസാര സിറപ്പുകൾ, മിഠായി, മധുരപലഹാരങ്ങൾ തുടങ്ങിയ മിഠായി ഇനങ്ങളും അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. നേരത്തെ, ഈ ഇനങ്ങൾക്ക് 18 ശതമാനമായിരുന്നു ജിഎസ്ടി.
കോഫി എക്സ്ട്രാക്ട്, ടി എക്സ്ട്രാക്ട്, സൂപ്പ്, പ്ലാന്റ് ബേസ്ഡ് പാനീയങ്ങൾ എന്നിവയുടെ നികുതി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാകുന്നതോടെ അവയുടെ വില കുറയും. എന്നാൽ കാർബണേറ്റഡ് പാനീയങ്ങൾക്കും എയറേറ്റഡ് വെള്ളത്തിനും മുമ്പത്തെ 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ജിഎസ്ടി ഈടാക്കും.
നേരത്തെ 12 ശതമാനം സ്ലാബിൽ ഉണ്ടായിരുന്ന ബദാം, പിസ്ത, ഹേസൽനട്ട്, കശുവണ്ടി, ഈന്തപ്പഴം തുടങ്ങിയവ അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. സസ്യ എണ്ണകൾ, ഭക്ഷ്യയോഗ്യമായ സ്‌പ്രെഡുകൾ, സോസേജുകൾ, മത്സ്യ ഉൽപ്പന്നങ്ങൾ, മാൾട്ട് സത്ത് അടിസ്ഥാനമാക്കിയുള്ള പാക്കേജുചെയ്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. അച്ചാർ രൂപത്തിലുള്ള പച്ചക്കറികൾ, പഴങ്ങൾ, ഫ്രോസൺ പച്ചക്കറികൾ, ജാം, ജെല്ലികൾ, സോസുകൾ, സൂപ്പുകൾ, മയോണൈസ്, സാലഡ് ഡ്രെസ്സിംഗുകൾ തുടങ്ങിയയും അഞ്ച് ശതമാനം സ്ലാബിൽ വരും.
പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങൾ കാരണം വിലകുറഞ്ഞത് അടുക്കളയിലെ അവശ്യവസ്തുക്കളുടെ മാത്രമല്ല. ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചതിനാൽ റസ്റ്റോറന്റുകളിലെ ഭക്ഷണങ്ങൾക്കും വില കുറയും. അതായത്, പ്രതിമാസം ശരാശരി 3,000 മുതൽ 4,000 രൂപ വരെ ചെലവഴിച്ചിരുന്ന ഏതൊരു കുടുംബത്തിനും ഇപ്പോൾ പ്രതിമാസം 200 മുതൽ 400 രൂപ വരെ ലാഭിക്കാൻ കഴിയും. ഉത്സവ, വിവാഹ സീസൺ അടുക്കുമ്പോൾ കൂടിയാണ് പുതിയ പരിഷ്‌കാരം എന്നത് ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |