തിരുവല്ല : സംസ്ഥാന പാതയായ ടി.കെ റോഡിലൂടെയുള്ള യാത്ര കനത്ത ദുരിതവും ജീവന് ഭീഷണിയുമായിരിക്കുകയാണ്. പൊതുമരാമത്തും ജലഅതോറിറ്റിയും സ്വകാര്യ കേബിൾ കമ്പനികളും കരാറുകാരുമെല്ലാം ചേർന്ന് റോഡ് കുഴിച്ചുനശിപ്പിച്ച നിലയിലാണ്. തിരുവല്ല മുതൽ ഇടയ്ക്കിടെ ചെറിയ കുഴികൾ മാത്രമാണ് മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോൾ റോഡിന് കുറുകെ പലയിടത്തും ഓടകൾ നിർമ്മിച്ചതോടെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇതിനിടെ റോഡ് ഉയർത്താനെന്ന പേരിൽ കുത്തിയിളക്കി ഇട്ടിരിക്കുന്നതും വിനയായി. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ കുഴിയെടുത്തത് മാസങ്ങൾ കഴിഞ്ഞിട്ടും പൂർവസ്ഥിതിയിലാക്കിയില്ല. ചിലയിടങ്ങളിൽ റോഡിന്റെ വശങ്ങൾ ഇന്റർലോക്ക് ചെയ്യാൻ വേണ്ടിയും കുഴിച്ചിട്ടിരിക്കുകയാണ്. ഇതുകൂടാതെയാണ് കേബിൾ സ്ഥാപിക്കാനായി സ്വകാര്യ കേബിൾ കമ്പനിയുടെ വക ചാലുകീറൽ. ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ റോഡിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളും മറ്റു വലിയ വാഹനങ്ങളുമൊക്കെ തുള്ളിച്ചാടിയാണ് റോഡിലൂടെ പോകുന്നത്. എന്നാൽ സ്വകാര്യ കാറുകൾ കുഴികളിലിറങ്ങി പതുക്കെ പോകുന്നതിനാൽ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ഇപ്പോൾ തിരുവല്ലയിൽ നിന്ന് കോഴഞ്ചേരിക്കും പത്തനംതിട്ടയ്ക്കുമൊക്കെ പോകാൻ മണിക്കൂറുകൾ വേണ്ടിവരുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് പോലും അറിയാതെ നാട്ടുകാർ കുഴയുകയാണ്.
കുമ്പനാടും കുളമായി
മാസങ്ങൾക്ക് മുമ്പ് പൈപ്പിടാൻ തലങ്ങുംവിലങ്ങും വലിയ കുഴിയെടുത്തത് കുമ്പനാടിനെയും കുളമാക്കി. മഴക്കാലത്തെ പൈപ്പിടൽ കാരണം ഇവിടെ ജനം നട്ടംതിരിയുകയാണ്. പൈപ്പിടാൻ വേണ്ടി റോഡിന്റെ ഇരുവശവും എടുത്ത കുഴികൾ മൂടിയെങ്കിലും പൂർവസ്ഥിതിയിലാക്കിയില്ല. ഇതുകാരണം റോഡിലാകെ ചെളിനിറഞ്ഞ് കിടക്കുന്നതിനാൽ വാഹനയാത്രക്കാരും കാൽനട യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നു. ഇവിടെയുള്ള ഓടകൾ പലതും മൂടിപ്പോയ നിലയിലാണ്. ഓടയിലൂടെ വെള്ളം ഒഴുകാതെ റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. കാൽനട യാത്രക്കാർ തെന്നിവീഴുന്നതും വാഹനം പോകുമ്പോൾ യാത്രക്കാരുടെമേൽ ചെളിവെള്ളം തെറിക്കുന്നതുമെല്ലാം പതിവാണ്. ഓണക്കാലത്തെ തിരക്കുകൂടിയായതോടെ ചെളിവെള്ളത്തിൽ കൂടിയാണ് മിക്ക കടകളിലേക്കും പ്രവേശിക്കേണ്ടത്.
വ്യാപാരികൾ പ്രതിഷേധിച്ചു
തോന്നിയപോലെ റോഡ് കുഴിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പനാട് യൂണിറ്റ് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നല്കി. ഒരു മാനദണ്ഡവും പാലിക്കാതെ മഴക്കാലത്ത് റോഡ് കുഴിച്ചതിനെതിരെ നടപടിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് തോമസ് ജോൺ കാടുവെട്ടൂർ, സെക്രട്ടറി മാർട്ടിൻ ആന്റണി, ട്രഷറാർ ബിനു തങ്കപ്പൻ എന്നിവർ അറിയിച്ചു.
ടി.കെ റോഡ് : 34 കിലോമീറ്റർ
നവീകരണം രണ്ടുഘട്ടമായി
ആദ്യഘട്ടം :
തിരുവല്ല മുതൽ വള്ളംകുളം പാലം വരെ
ചെലവ് : 4.3 കോടി
രണ്ടാംഘട്ടം
വള്ളംകുളം മുതൽ മാരാമൺ വരെ
ചെലവ് : 7.2 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |