കൊച്ചി: വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ മട്ടാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 2.88 കോടി. മട്ടാഞ്ചേരി ആനവാതിൽ ഷേണായ്സ് വളപ്പിൽ വിട്ടിള ഷേണായിയുടെ ഭാര്യ കെ. ഉഷാകുമാരിയെയും (59) വിദ്യാർത്ഥിയായ മകളെയും കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് 2,88,10,000രൂപ തട്ടിയെടുത്തത്.
ഉഷാകുമാരി സ്വകാര്യ സ്ഥാപനത്തിലെ റിട്ട. അക്കൗണ്ടന്റും ഭർത്താവ് വിട്ടിള ഷേണായി സ്വകാര്യബാങ്കിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു.
മുംബയ് തിലക് നഗർ പൊലീസ് സ്റ്റേഷനിലെ സന്തോഷ് റാവു ആണെന്നു പറഞ്ഞ് ഉഷാകുമാരിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് ഒരാൾ വീഡിയോ കോൾ വിളിച്ചു. ജെറ്റ് എയർവെയ്‌സുമായി ബന്ധപ്പെട്ട കള്ളപ്പണക്കടത്ത് കേസിലും ക്രിപ്റ്റോ കറൻസി ഇടപാടിലും ഉഷാകുമാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി.
ജെറ്റ് എയർവെയ്സിന്റെ നരേഷ് ഗോയലിനെ അറസ്റ്റു ചെയ്തപ്പോൾ കണ്ടെടുത്ത 347 എ.ടി.എം കാർഡുകളിൽ ഒന്ന് ഉഷാകുമാരിയുടേതാണെന്നും ഉഷാകുമാരിയുടെ അക്കൗണ്ടിലേക്ക് ഗോയൽ രണ്ടു കോടി മാറ്റിയിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞു. വീട്ടമ്മയെ വെർച്വൽ അറസ്റ്റ് ചെയ്തെന്ന് ധരിപ്പിച്ച് ഓൺലൈൻ വഴി വ്യാജ കോടതിയിൽ ഹാജരാക്കി. അവിടെ ജഡ്ജിയും വക്കീലും പ്രത്യക്ഷപ്പെട്ടു. സാക്ഷി അഗർവാൾ എന്ന പേരിൽ സാക്ഷിയും ഹാജരായി. പണം തങ്ങൾ പറയുന്ന അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കണമെന്നും തട്ടിപ്പുമായി ബന്ധമില്ലെന്ന് തെളിയിച്ചാൽ തിരികെ ലഭിക്കുമെന്നും ജഡ്ജി അറിയിച്ചു.
ഉഷാകുമാരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ജൂലായ് 14 മുതൽ ആഗസ്റ്റ് 11 വരെ 12 തവണയായി പ്രതികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറി. 62 ലക്ഷം സ്വർണം പണയം വച്ചും സംഘടിപ്പിച്ചു. ഒടുവിൽ വീട്ടമ്മയെ കേസിൽ നിന്ന് ഒഴിവാക്കിയെന്നും അതിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുമെന്നും അറിയിച്ചതിനെ തുടർന്ന് ഇവർ വെള്ളിയാഴ്ച മട്ടാഞ്ചേരി സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തട്ടിപ്പാണെന്ന് അംഗീകരിക്കാൻ ആദ്യം ദമ്പതികൾ തയ്യാറായില്ല. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട ശേഷമാണ് പരാതി നൽകിയത്.
തട്ടിപ്പുകാർ സ്വയം പരിചയപ്പെടുത്തിയ പേരുകൾ പ്രതിസ്ഥാനത്ത് ചേർത്ത് കേസെടുത്തു.
നവിമുംബായ് സ്വദേശിയായ സാക്ഷി അഗർവാളാണ് ഒന്നാം പ്രതി. സന്തോഷ് റാവു, വിജയ് ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യം എന്നിവരാണ് മറ്റു പ്രതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |