ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയും പ്രളയവും മണ്ണിടിച്ചിലും തുടരുന്നു. ഹിമാചൽ പ്രദേശിലെ കുളുവിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി. മരിച്ച മൂന്നുപേരും ജമ്മു കാശ്മീർ സ്വദേശികളാണ്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതേസമയം, ഡൽഹിൽ ഇന്നലെ മഴയ്ക്ക് ശമനമുണ്ടയങ്കിലും യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയിലാണ്. പഴയ റെയിൽവേ പാലത്തിൽ ഇന്നലെ ജലനിരപ്പ് 206.47 മീറ്റർ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 207 മീറ്ററിന് മുകളിലായിരുന്നു. 205.33 മീറ്റാണ് അപകടനില. അതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് 8000ലേറെ ആളുകളെ 33 താത്കാലിക ക്യാമ്പുകളിലേക്ക് മാറ്റി.
അതേസമയം,കനത്ത മഴയും മിന്നൽ പ്രളയവും മണ്ണിടിച്ചിലും ബാധിച്ച ജമ്മു കാശ്മീർ, ഹിമാചൽപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ സന്ദർശിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മരണം 500ന്
മുകളിൽ
ജൂൺ മുതൽ ഹിമാചൽ, ജമ്മു കാശ്മീർ, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കാലവർഷക്കെടുതിയിൽ മരിച്ചത് 500ലേറെ പേർ.
ഹിമാചൽ പ്രദേശ്: 360 മരണം. ജൂൺ 20ന് ശേഷം 95 മിന്നൽ പ്രളയങ്ങളും 45 മേഘവിസ്‌ഫോടനങ്ങളും 132 മണ്ണിടിച്ചിലുകളും. നാല് ദേശീയപാതകളടക്കം നിരവധി റോഡുകൾ പൊളിഞ്ഞു.
പഞ്ചാബ്: 43 മരണം. 23 ജില്ലകളിലായി 1900ലേറെ ഗ്രാമങ്ങൾ വെള്ളത്തിൽ. 1.71 ഹെക്ടർ കൃഷി നശിച്ചു.
ജമ്മു കാശ്‌മീർ: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. പല മേഖലകളും ഒറ്റപ്പെട്ട നിലയിൽ. ജമ്മു -ശ്രീനഗർ ദേശീയപാത അടക്കം പ്രധാന റോഡുകൾ അടച്ചു. ജമ്മു ഡിവിഷനിൽ 9 ദിവസമായി ട്രെയിനുകൾ ഓടുന്നില്ല. പത്താൻകോട്ട്-ജമ്മു സെക്ഷനിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ സർവീസ് തടസപ്പെട്ടു.
ഉത്തരാഖണ്ഡ്: 79 മരണം. 90 പേരെ കാണാതായി. 2,835 വീടുകൾ തകർന്നു. 3,953 കന്നുകാലികൾ ചത്തു. 5,702.15 കോടി പ്രത്യേക കേന്ദ്ര സഹായം ആവശ്യപ്പെട്ടു.
ചാർധാം യാത്ര പുനഃരാരംഭിച്ചു
ഉത്തരാഖണ്ഡിൽ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ചാർ ധാം യാത്ര ഇന്നലെ പുനഃരാരംഭിച്ചു. മഴയും മണ്ണിച്ചിലും കാരണം സെപ്തംബർ ഒന്ന് മുതൽ യാത്ര നിറുത്തിവച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |