ചെന്നൈ: അണ്ണാ ഡി.എം.കെ വിട്ട ഒ. പനീർസെൽവം, ശശികല, ടി.ടി.വി ദിനകരൻ എന്നിവരെ 10 ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്ക് അന്ത്യശാസനം നൽകിയ നേതാവ് കെ.എ സെങ്കോട്ടയ്യൻ പാർട്ടിക്കു പുറത്ത്. സെങ്കോട്ടയ്യനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കി. ദിണ്ഡിഗലിൽ പാർട്ടി പളനി സ്വാമിയും മുതിർന്ന നേതാക്കളും യോഗം ചേർന്നാണ് സെങ്കോട്ടയ്യനെതിരെ നടപടിയെടുത്തത്. പാർട്ടിയുടെ സംഘടനാ സെക്രട്ടറിയും ഈറോഡ് അർബൺ ജില്ലാ സെക്രട്ടറിയുമാണ് സെങ്കോട്ടയ്യൻ. നടപടി പാർട്ടി അണികൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കി.
കലഹത്തിന് പിന്നാലെ തേനിയിൽ പലയിടത്തും പളനിസാമിയുടെ വാഹനം തടയാൻ പാർട്ടി പ്രവർത്തകർ ശ്രമിച്ചു. നേതാക്കളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പളനിസാമിയെ കണ്ടെങ്കിലും ഇ.പി.എസ് അംഗീകരിച്ചില്ലെന്നും സെങ്കോട്ടയ്യൻ പരസ്യമായി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണിത്. പലപ്പോഴായി അണ്ണാ ഡി.എം.കെ വിടുകയോ പുറത്താകപ്പെടുകയോ ചെയ്ത നേതാക്ക നേതാക്കളായ പനീർ ശെൽവം, ദിനകരൻ എന്നിവർ അടുത്തിടെ എൻ.ഡി.എ സഖ്യം വിട്ടിരുന്നു. ഇരുവരും ഡിസംബറിൽ ഭാവി നിലപാട് പറയുമെന്നാണ് അറിയിച്ചിട്ടുള്ളത്. അവർക്കൊപ്പം സെങ്കോട്ടയ്യനും ചേരാനാണ് സാദ്ധ്യത. ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകത്തിനൊപ്പമാണ് നിലവിൽ ശശികല. മറ്റുള്ളവരും ഇതേ പാർട്ടിയിൽ ചേർന്നേക്കും.
ഇവർ വിജയുടെ ടി.വി.കെയുമായി സഖ്യം ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. അതേസമയം മുൻ നേതാവ് വി.കെ ശശികലയുമായി ബന്ധമുള്ളവർ കാഞ്ചീപുരത്ത് വാങ്ങിയ ഷുഗർ മില്ല് സംബന്ധിച്ച് സി.ബി.ഐ കേസെടുത്തത് ശശികലയ്ക്ക് തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |