@പ്രതിസന്ധിയിലായത് സംസ്ഥാനത്തെ 16,000 അദ്ധ്യാപകർ
കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെ തുടർന്ന് നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000 എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് നാലു വർഷമായി ശമ്പളമില്ല. സ്ഥിരനിയമനം ലഭിച്ചവരാണിവർ. കോടതിവിധിയുടെ അടിസ്ഥാനത്തിൽ കുറച്ചുപേർ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവരുടെ ശമ്പളവും മുടങ്ങുകയാണ്. ആറു വർഷമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അലീന ബെന്നി കഴിഞ്ഞ ഫെബ്രുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു. 14 വർഷമായി, അദ്ധ്യാപികയായ ഭാര്യയ്ക്ക് ശമ്പളമില്ലാത്തതിൽ മനംനൊന്ത് ഭർത്താവ്, പത്തനംതിട്ട സ്വദേശി ഷിജോ അടുത്തിടെ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് 70 ശതമാനവും എയ്ഡഡ് സ്കൂളുകളാണ്. മാനേജ്മെന്റുകൾ നടത്തുന്ന അദ്ധ്യാപകനിയമനം മാനദണ്ഡം പാലിച്ചാണെന്ന് ഉറപ്പാക്കി നിയമനാംഗീകാരം നൽകേണ്ടത് സർക്കാരാണ്.
സ്കൂളുകളിലെ ഭിന്നശേഷി സംവരണം കർശനമായി നടപ്പാക്കണമെന്ന് 2021 നവംബറിൽ സർക്കാർ ഉത്തരവിറക്കി. ഇതോടെ കൊവിഡ് കാലത്ത് നിയമിക്കപ്പെട്ടവരുടെ അംഗീകാരം തടസപ്പെട്ടു. സംവരണപ്രശ്നത്തിൽ ഭിന്നശേഷിക്കാരിൽ ചിലർ കോടതിയെ സമീപിച്ചു. സംവരണം കൃത്യമായി പാലിക്കണമെന്നും അല്ലാത്ത നിയമനങ്ങൾ റദ്ദാക്കണമെന്ന് ഹെെക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ അദ്ധ്യാപകർ കോടതിയിലെത്തി. 2022-23ൽ 3,000 ഒഴിവുകളുണ്ടാകുമെന്നും അപ്പോൾ ഭിന്നശേഷി സംവരണം പാലിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സ്ഥിരനിയമനക്കാർക്ക് ദിവസ വേതനം
2021ലെ സർക്കാർ ഉത്തരവ് തങ്ങൾക്ക് ബാധകമല്ലെന്നും നിയമനാംഗീകാരം നൽകണമെന്നും അദ്ധ്യാപകർ വാദിച്ചു. സർക്കാർ ഉത്തരവിന് മുമ്പ് നിയമിക്കപ്പെട്ടവർക്ക് അടിസ്ഥാന ശമ്പളം ലഭിക്കുമെന്നും അവരുടേത് സ്ഥിരനിയമനം ആയിരിക്കില്ലെന്നും 2021ന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് ദിവസവേതനമേ ലഭിക്കൂ എന്നും വിധിച്ചു. ഇതിനെതിരെ ഭിന്നശേഷിക്കാരും അദ്ധ്യാപകരും അപ്പീൽ പോയതോടെ പ്രശ്നം കീറാമുട്ടിയായി. അതിനിടെ എൻ.എസ്.എസ് മാനേജ്മെന്റുകൾ സുപ്രീംകോടതിയിൽ നിന്ന് പ്രത്യേകം ഉത്തരവ് വാങ്ങി നിയമനാംഗീകാരം നേടി.
നിയമനാംഗീകാരത്തിന് എൻ.എസ്.എസ് മാതൃകയിൽ അദ്ധ്യാപകർ കോടതിയുത്തരവ് നേടിയിട്ടുണ്ടെങ്കിലും സർക്കാർ അത് നടപ്പാക്കുന്നില്ല.
-ബിൻസിൻ ഏക്കാട്ടൂർ,
കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |